| Tuesday, 18th April 2023, 8:16 pm

സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ല; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരിഗണനയില്‍: റെയില്‍വെ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് പദ്ധതിയുമായുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന ബി.ജെ.പി മന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച എന്ന് നടത്തുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അശ്വിനി വൈഷ്ണവ് തയ്യാറായില്ല.

കൂട്ടത്തില്‍ വന്ദേഭാരത് പദ്ധതി ഏത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെന്നും ഭാവിയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഏപ്രില്‍ 25ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. ഘട്ടം ഘട്ടമായി ട്രാക്കുകള്‍ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കും. രണ്ടാം ഘട്ടത്തില്‍ 130 കിലോമീറ്ററായി ഉയര്‍ത്തും. വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഡി.പി.ആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടു മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാനാണ് കേന്ദ്രം തീരുമാനിക്കുന്നത്. നിലവില്‍ കേരളത്തിന് ഒരു വന്ദേഭാരതാണ് അനുവദിച്ചിട്ടുള്ളത്. വരും നാളുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പദ്ധതിയുടെ സ്റ്റോപ്പുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാവുന്നേയുള്ളൂ,’ മന്ത്രി പറഞ്ഞു.

കേരളത്തിന് വന്ദേഭാരത് അനുവദിച്ചതിന് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന് ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. തുടക്കം മുതല്‍ തന്നെ പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന വാദമാണ് ബി.ജെ.പി നടത്തിയിരുന്നത്. ഇതിനിടെ പദ്ധതി പരിഗണനയിലാണെന്ന കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Content Highlight: railway minister says silver line will happen

We use cookies to give you the best possible experience. Learn more