ന്യൂദല്‍ഹി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വിമാനയാത്രയ്ക്കായി ചട്ടങ്ങള്‍ മറികടന്ന് കോടികള്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ട്രെയിന്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ റെയില്‍വേ മന്ത്രി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കാവൂവെന്നിരിക്കെ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കും മന്ത്രി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിച്ചു.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ ഐ.ആര്‍.സി.ടി.സിയെ ചുമതലപ്പെടുത്തിയാണ് പിയൂഷ് ഗോയല്‍ ഈ ചട്ടം മറികടന്നത്. പിയൂഷ് ഗോയലിന്റെ ഓരോ വിമാനയാത്രയ്ക്കും സാധാരണ ബിസിനസ് ക്ലാസ് യാത്രയുടെ 20 ഇരട്ടിയോളം ചെലവ് വരുന്നതായും റെയില്‍വേയുടെ രേഖകള്‍ പറയുന്നു.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ക്കായി സീറ്റ് ഉറപ്പിക്കാന്‍ മൂന്നോ നാലോ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും പണം ധൂര്‍ത്തടിച്ചിട്ടുണ്ട്.
റെയില്‍വേ മന്ത്രിയായി ഒരുവര്‍ഷം തികയുംമുന്‍പ് പിയൂഷ് ഗോയല്‍ ഇത്തരത്തില്‍ 1023 തവണ വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും രേഖകളിലുണ്ട്. നേരത്തെ ചെലവ് ചുരുക്കാന്‍ കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യയില്‍ മാത്രമേ സഞ്ചരിക്കാവൂവെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
ഏപ്രില്‍ 2 ന് മഹാരാഷ്ട്രയില്‍ കോച്ച് ഫാക്ടറി ഉദ്ഘാടനം ചെയ്യാന്‍ ഗോയല്‍ പോയത് ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു. യാത്രയ്ക്കിടെ ഷാനി മന്ദിര്‍, സായി ബാബ മന്ദിര്‍, തുല്‍ജാപൂരിലെ മാ ഭവാനി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലും ഗോയല്‍ സന്ദര്‍ശിച്ചു. ഈ യാത്രക്ക് ചെലവായത് 25.50 ലക്ഷം രൂപ.
ഹംസഫര്‍-ജോധ്പൂര്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ ജോധ്പൂരിലേക്ക് പോയതും ചാര്‍ട്ടേഡ് വിമാനത്തില്‍- ചെലവ് 10 ലക്ഷം രൂപ
ഒരേ യാത്രക്കായി മൂന്ന് ടിക്കറ്റും ഗോയല്‍ ബുക്ക് ചെയതിരുന്നു. വിമാനം കിട്ടാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ യാത്രയ്ക്കുശേഷം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തില്ല. നഷ്ടം 88013 രൂപ. ബാംഗ്ലൂര്‍-ദല്‍ഹി യാത്രയിലായിരുന്നു ഇത്. തിയതി മാര്‍ച്ച് 8.
തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള യാത്രയ്ക്കായി ഗോയലിനുവേണ്ടി ബുക്ക് ചെയ്തത് രണ്ട് തിയതികളിലായി ഒരോ വിമാനങ്ങള്‍. ടിക്കറ്റൊന്നിന് 1,06,532 രൂപ.
മാര്‍ച്ച് 23 ന് ദല്‍ഹി-ലക്‌നൗ യാത്രയുടെ ടിക്കറ്റ് 70109 രൂപ
ഫെബ്രുവരിയില്‍ കര്‍ണാടക സന്ദര്‍ശത്തിനായി തെരഞ്ഞെടുത്ത് വിമാനത്തിന് മണിക്കൂറില്‍ 2 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലാണ് ചാര്‍ജ്ജ്. വെയിറ്റിംഗ് ചാര്‍ജ്ജ് ഇതിന് പുറമെ ഈടാക്കും. ആ ദിവസത്തെ ഷെഡ്യൂള്‍ പ്രകാരം വിമാനത്തിന് ചെലവായത് 13 ലക്ഷം രൂപ.
വര്‍ഷത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ 80 തവണയാണ് ഗോയല്‍ പറന്നത്. റെയില്‍വേ സഹമന്ത്രിമാരായ രഞ്ജന്‍ ഗൊഹെയ്‌നും ആകാശയാത്രയില്‍ ചില്ലറക്കാരനല്ല. 177 തവണയാണ് ഗൊഹെയ്ന്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട്- ന്യൂസ് ലോണ്ടറി
ന്യൂസ് ലോണ്ടറി വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാം
WATCH THIS VIDEO: