| Saturday, 4th May 2013, 10:03 am

അനന്തരവന്റെ കൈക്കൂലി കേസ്: ബന്‍സാലിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 90 ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ അനന്തരവന്‍ വിജയ് സിംഗ്ല പിടിയിലായ സംഭവത്തില്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി. []

എന്നാല്‍ ആരോണങ്ങളെ കുറിച്ച് അറിയില്ലെന്ന് പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞു. അനന്തരവന്റെ അഴിമതിയില്‍ പങ്കില്ല. തന്റെ അനന്തരവന്‍ നടത്തുന്ന ഇടപാടില്‍ തനിയ്ക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ല.

അനന്തരവന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നോ ആരൊക്കെയായി ബന്ധപ്പെടുന്നുണ്ടോ എന്നും തനിയ്ക്ക് അറിയില്ല. വിജയ് സിംഗ്ല കൈക്കൂലി കേസില്‍ പ്രതിയായതില്‍ തന്നെ ക്രൂശിക്കരുതെന്നും ബന്‍സാല്‍ പറഞ്ഞു.

കേസില്‍ സി.ബി.ഐ അന്വേഷണം വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിജയ് സിംഗ്ലയെ കൈക്കൂലിക്കേസില്‍ സി.ബി.ഐ. ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.  90 ലക്ഷം രൂപയുമായി മുംബൈയില്‍ റെയില്‍വേബോര്‍ഡ് മെമ്പര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വിജയ് സിംഗ്ല പിടിയിലായത്.

സ്ഥാനക്കയറ്റത്തിനായി സിംഗ്ലയ്ക്ക് കൈക്കൂലി നല്‍കുന്നതിനായാണ് പണം കൊണ്ടുപോകുന്നതെന്ന് അറസ്റ്റിലായ റെയില്‍വേബോര്‍ഡംഗം മഹേഷ് കുമാര്‍ സി.ബി.ഐ.ക്ക് മൊഴിനല്‍കി.

1975 ബാച്ചിലെ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥനാണ് മഹേഷ് കുമാര്‍. പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരായിരുന്ന മഹേഷ് കുമാറിനെ വ്യാഴാഴ്ചയാണ് റെയില്‍വേ ബോര്‍ഡംഗമാക്കിയത്.

കൈക്കൂലി നല്‍കിയതിന് മഹേഷ്‌കുമാറിനെ സി.ബി.ഐ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന റെയ്ഡിലാണ് വിജയ് സിംഗ്ലയെ സിബിഐ അറസ്റ്റുചെയ്തത്. മഹേഷ്‌കുമാറിനെയും വിജയ് സിംഗ്ലയെയും കൂടാതെ രണ്ടുപേര്‍ക്കെതിരെ കൂടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കല്‍ക്കരിപ്പാടം അഴിമതി കേസില്‍ പ്രതിസന്ധിയിലായ കന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്താണ് ഈ അറസ്റ്റ്.

ലോകത്തെ ഏറ്റവുംവലിയ റൂട്ട് റിലേ ഇന്റര്‍ലോക്കിങ് സംവിധാനം പഴയ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ 36 മണിക്കൂര്‍കൊണ്ട് സ്ഥാപിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയയാളാണ് അദ്ദേഹം.

കൈക്കൂലിയുമായി ബന്ധപ്പെട്ട് ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടത്തുകയാണ്.

We use cookies to give you the best possible experience. Learn more