| Sunday, 4th June 2023, 12:42 pm

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് കവചുമായി ബന്ധമില്ല: യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി റെയില്‍വേ മന്ത്രി; മമതയ്ക്കും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലസോര്‍: മമത ബാനര്‍ജി പറയുന്ന പോലെ കവച് അഥവാ ട്രെയിന്‍ കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിന്റെ (TCAS) അഭാവമല്ല ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് കാരണമായത് ട്രെയിനിന്റെ ബോഗികള്‍ നേരെയാക്കുന്ന ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് ആണെന്നും മന്ത്രി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഒഡിഷയിലെ ട്രെയിന്‍ അപകടത്തിന് ആന്റി ട്രെയിന്‍ കൊളീഷന്‍ സിസ്റ്റവുമായി യാതൊരു ബന്ധവുമില്ല. മമത ബാനര്‍ജി പറഞ്ഞതല്ല അപകടത്തിന് കാരണം. മമത ഊഹം വെച്ച് എന്തൊക്കെയോ പറയുകയാണ്. ഇതിന് കവചുമായി യാതൊരു ബന്ധവുമില്ല.

ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങില്‍ വന്ന മാറ്റമാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവം മറ്റൊന്നാണ്, പോയിന്റ് മെഷീനും ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങുമാണ് ഇവിടെ പ്രശ്‌നം.

അപകടത്തിന്റെ കാരണവും ഉത്തരാവാദികളെയും കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ സേഫ്റ്റി കമ്മീഷണറാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല,’ റെയില്‍വേ മന്ത്രി വിശദീകരിച്ചു.

അതേസമയം, ദുരന്തത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തമേറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മമത ബാനര്‍ജിയും ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

2012ല്‍ റെയില്‍വേ മന്ത്രിയായിരിക്കെ മമത ബാനര്‍ജി അവതരിപ്പിച്ച ട്രെയിന്‍ കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (TCAS) നടപ്പിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് അപകടത്തിന് കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരമൊരു ദുരന്തത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും അഭ്യര്‍ത്ഥിച്ചു. ‘സംഭവത്തിന്റെ കാരണം ഞങ്ങള്‍ അന്വേഷിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ നല്‍കുന്നതിലാണ് നിലവില്‍ ഞങ്ങളുടെ ശ്രദ്ധ.

നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അത്തരം വിഷയങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ പാടില്ലെന്ന് ഞാന്‍ കരുതുന്നു. രാജ്യം ഒരുമിച്ച് നില്‍ക്കണം,’ കേന്ദ്രമന്ത്രി പറഞ്ഞു.

Content Highlights: railway minister opens up about about real cause behind odisha train accident

We use cookies to give you the best possible experience. Learn more