| Thursday, 3rd January 2013, 12:00 am

റെയില്‍വേയില്‍ സ്വാകാര്യ പങ്കാളിത്തം: പവന്‍കുമാര്‍ ബന്‍സല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ 125ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[]

ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതില്‍ നിന്ന് രക്ഷനേടാന്‍ സ്വകാര്യപങ്കാളിത്തത്തോടെ ചില പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2.30 കോടി യാത്രക്കാരും 23 ലക്ഷം ടണ്‍ ചരക്കുമാണ് ഒരു ദിവസം റെയില്‍വേ വഹിക്കുന്നത് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനില്‍ ഒന്നാണ് കോഴിക്കോടുള്ളത്. രാജ്യത്തെ 100 ക്ലീന്‍ റയില്‍വേ സ്‌റ്റേഷനുകളില്‍ ആറെണ്ണം കേരളത്തിലാണ്.

സ്വകാര്യ പങ്കാളിത്തത്തോടെ കോഴിക്കോടുള്‍പ്പെടെയുള്ള കേരളത്തിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സീനിയര്‍ സിറ്റിസണ്‍സിനായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് മാസത്തിനകം ലിഫ്റ്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേയില്‍ കൂടുതല്‍ കായിക താരങ്ങളെ ഉള്‍പ്പെടുത്തും. റയില്‍വേ സ്‌റ്റേഷനുകളില്‍ വീല്‍ചെയറുകള്‍ ലഭ്യമാക്കുകയും സ്‌റ്റേഷനുകള്‍ വികലാംഗ സൗഹൃദമാക്കുകയും ചെയ്യും.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ 125 ാം വാര്‍ഷിക സ്മാരക സ്റ്റാമ്പ് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭാ കോശി റെയില്‍വേ മന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിര്‍മിച്ച കവാടത്തിന്റെ ഉദ്ഘാടനവും പടിഞ്ഞാറുഭാഗത്തെ മുറ്റത്തെ ഉദ്യാനത്തില്‍ സ്ഥാപിച്ച പൈതൃക ആവി എന്‍ജിന്റെയും സമഗ്ര സുരക്ഷ സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി ബന്‍സല്‍ നിര്‍വഹിച്ചു.

We use cookies to give you the best possible experience. Learn more