ന്യൂഡല്‍ഹി: യാത്രികരുടെ കൂട്ടമരണങ്ങള്‍ക്ക് ഇടയാക്കപ്പെടുന്ന വന്‍ അപകടങ്ങള്‍ പതിവാകുമ്പോഴും റെയില്‍വേയില്‍ നിയമനം നടത്താതെ 3.14 ലക്ഷം തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്തികയുടെ 21 ശതമാനമാണിത്. അതിന് പുറമെ സിഗ്നല്‍ സംവിധാനം നവീകരിക്കാന്‍ റെയില്‍വെ പണം മുടക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. മൊത്തം റെയില്‍വേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ് ഇതിനായി നീക്കിവെക്കുന്നത്.
ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള കവച് സുരക്ഷാ സംവിധാനം രാജ്യത്തെ രണ്ട് ശതമാനം ട്രാക്കില്‍ മാത്രമാണുള്ളത്. 2011-12ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ആന്റി കൊളീഷന്‍ ടെക്നോളജിയായ ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (TCAS) മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാടെ അവഗണിച്ചിരുന്നു.
ഇന്നലെ ദുരന്തമുണ്ടായ ബാലസോര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ സോണില്‍ 30,141 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ ലോക്കോ പൈലറ്റുകള്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. മറ്റു വിഭാഗങ്ങളിലെ ജീവനക്കാരാകെ ഇതിലേറെ സമയം പണിയെടുക്കേണ്ടി വരുന്നുണ്ട്. ബി.ജെ.പി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ, നിയമന നിരോധന നയങ്ങളുടെ കൂടി സൃഷ്ടിയാണ് ഇത്തരം അപകടങ്ങള്‍.
എന്‍ജിനീയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ തുടങ്ങിയ തസ്തികളാണ് വര്‍ഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്നത്. ഏറ്റവുമധികം ഒഴിവുകളുള്ള ഉത്തര റെയില്‍വേയില്‍ നിലവില്‍ 38,754 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പാണ്. മധ്യ റെയില്‍വേയില്‍ ഒഴിവുള്ള 28,650 തസ്തികകളില്‍ പകുതിയും സുരക്ഷാ വിഭാഗത്തിലാണ്. ദക്ഷിണ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ 392 തസ്തികയും ഒഴിഞ്ഞു കിടപ്പാണ്. 2022-23ല്‍ സിഗ്നല്‍ മറികടന്നത് ഉള്‍പ്പെടെ 162 അപകടങ്ങളാണ് ഉണ്ടായത് അമിത ജോലിഭാരം കാരണമെന്ന് റെയില്‍വേ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വന്ദേ ഭാരതിന്റെയും സ്റ്റേഷന്‍ നവീകരണത്തിന്റെയും പേരില്‍ മേനി നടിക്കുമ്പോഴും, സര്‍ക്കാര്‍ ട്രാക്കുകളും സിഗ്‌നല്‍ സമ്പ്രദായവും ബ്രേക്കിങ് സംവിധാനവും കുറ്റമറ്റതാക്കാന്‍ പണം ചെലവിടാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ മുതല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവിലെ ട്രാക്കുകളില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അതിവേഗം ഓടിക്കാന്‍ ശ്രമിക്കുന്നതും ഇതര ട്രെയിന്‍ സര്‍വീസുകളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. റെയില്‍വേ ബജറ്റ് പോലും നിര്‍ത്തിച്ച മോദി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ പടിപടിയായി തകര്‍ക്കുകയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.