| Saturday, 14th November 2015, 9:33 am

ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഞായറാഴ്ച മുതല്‍ വര്‍ധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സേവന, സ്വച്ഛ് ഭാരത് നികുതികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഞായറാഴ്ച മുതല്‍ കൂടും. സേവനനികുതി 14 ശതമാനവും സ്വച്ഛ് ഭാരത് നികുതി 0.5 ശതമാനവുമായാണ് വര്‍ധിപ്പിക്കുന്നത്.

ഒന്നാംക്ലാസിലും എ.സി കോച്ചുകളിലും യാത്രാക്കൂലിയില്‍ 4.35 ശതമാനം വര്‍ദ്ധനയാണുണ്ടാവുകയെന്ന് റെയില്‍വേ ബോര്‍ഡ് സര്‍ക്കുലര്‍ അറിയിച്ചു.

നികുതി ഏര്‍പ്പെടുത്താന്‍ കഴിയുന്ന എല്ലായിടത്തും സ്വച്ഛ് ഭാരതിന്റെ നികുതി ചുമത്താനുള്ള നവംബര്‍ ആറിലെ വിജ്ഞാപനത്തെതുടര്‍ന്നാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത്.

30,000 കോടിയാണ് ഇപ്പോള്‍ യാത്രാക്കൂലി ഇനത്തില്‍ റെയില്‍വെയുടെ വരുമാനം. പുതിയ നികുതികളിലൂടെ 1000 കോടി അധികം വരുമാനമാണ് ലക്ഷ്യമിടുന്നത്.

സ്വച്ഛ് ഭാരത് സെസ് ഏര്‍പ്പെടുത്തുന്നത് റെയില്‍ വേ നിരക്കുകളെ മാത്രമല്ല ബാധിക്കുക. വിമാന ടിക്കറ്റുകള്‍, മൊബൈല്‍ ഫോണ്‍, ഹോട്ടല്‍ താമസം, ടൂറിസ്റ്റ് വാഹനങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, കറന്‍സി വിനിമയം, ഭാഗ്യക്കുറി എന്നിവയ്ക്ക് ഇനിമുതല്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും.

We use cookies to give you the best possible experience. Learn more