കേരളം എന്ന നാടുതന്നെ ഇല്ലെന്ന മട്ടിലുള്ളതാണ് ഇത്തവണത്തെ റെയില്‍വേ ബജറ്റ് : വി.എസ്
Kerala
കേരളം എന്ന നാടുതന്നെ ഇല്ലെന്ന മട്ടിലുള്ളതാണ് ഇത്തവണത്തെ റെയില്‍വേ ബജറ്റ് : വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th February 2014, 6:21 pm

[share]

[]തിരുവനന്തപുരം: ഇത്തവണത്തെ റെയില്‍വേ ബജറ്റ് കേരളത്തെ അവഗണിക്കുക മാത്രമല്ല, അവഹേളിക്കുക  കൂടി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

കേരളം എന്ന ഒരു നാടുതന്നെ ഇല്ലെന്ന മട്ടിലാണ് കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ പ്രാദേശിക പാര്‍ടികളുടെ മന്ത്രിമാര്‍ റെയില്‍വേ ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു കേരളത്തിന് അവഗണനയുണ്ടായിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് മന്ത്രി തന്നെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അവഗണനയ്‌ക്കൊപ്പം അവഹേളനവുമായി.

കേരള താല്‍പര്യം ഒരുതരത്തിലും പരിഗണിക്കാത്ത ഈ ജനവിരുദ്ധ ബജറ്റിനെതിരെ വ്യാപകമായ ജനവികാരം ഉയര്‍ന്നുവരണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമായ ദീര്‍ഘവീക്ഷണമോ ആസൂത്രണമോ പദ്ധതികളോ ഒന്നുമില്ലാത്ത ബജറ്റാണിത്.

അത്തരത്തില്‍ എന്തെങ്കിലുമൊരു പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ കഴിയുന്ന സമീപനം ബജറ്റിലില്ലെന്നു മാത്രമല്ല, അതിനുതകുന്ന ചെറുവിരല്‍ പോലും അനക്കാന്‍ കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാരുണ്ടായിട്ടും കഴിഞ്ഞിട്ടുമില്ല.

കേരളത്തിന് കാര്യമായ ഒരു പദ്ധതിയോ ശ്രദ്ധേയമായ ട്രെയിനോ ബജറ്റിലില്ല. മൂന്ന് ട്രെയിനുകള്‍ ഉണ്ട് എന്നുപറയുന്നതൊഴിച്ചാല്‍ കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തിന് വട്ടപൂജ്യമാണുള്ളത്.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്ടറിയെപ്പറ്റി ഒരു പരാമര്‍ശം പോലും ബജറ്റിലില്ലെന്നു പറയുമ്പോള്‍ കേരളത്തില്‍ നിന്നുള്ള എട്ട് മന്ത്രിപുംഗവന്മാര്‍ എന്താണ് അവിടെ ചെയ്യുന്നത് എന്നു ചോദിക്കേണ്ടിവരും.

പാത ഇരട്ടിപ്പിക്കല്‍, സിഗ്നലിങ്ങ് നവീകരണ സംവിധാനം, പുതിയ ട്രെയിനുകളും കോച്ചുകളും തുടങ്ങി കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമായ ഒരു ഘടകവും പരിഗണിക്കാത്ത ബജറ്റാണിത്.

നേമത്ത് ഒരു ഓവര്‍ഹോളിംഗ് ഡിവിഷന്‍ വേണമെന്ന കാലങ്ങളായുള്ള ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.

ഏതു നിമിഷവും വന്‍ദുരന്തങ്ങള്‍ ഉണ്ടാക്കാവുന്ന കണ്ടം ചെയ്ത ബോഗികളുമായാണ് കേരളത്തില്‍ ട്രെയിനുകള്‍ ഓടുന്നത്. കഴിഞ്ഞ ദിവസം കൊച്ചുവേളിയില്‍ ഷണ്ടിംഗിനിടെ ബോഗി തകര്‍ന്ന് തരിപ്പണണ്‍മായത് നാം കണ്ടതാണ്.  ഇക്കാര്യത്തില്‍ എ.കെ.ആന്റണി അടക്കം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും വി.എസ്. ചോദിച്ചു.