| Wednesday, 13th July 2016, 4:56 pm

റെയില്‍വേക്ക് പ്രത്യേകം ബജറ്റ് വേണ്ട; സുരേഷ് പ്രഭു ജെയ്റ്റ്‌ലിക്ക് കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റെയില്‍വേക്ക് മാത്രമായി പ്രത്യേകം ബജറ്റ് വേണ്ടെന്ന്  റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. റെയില്‍വെ ബജറ്റ് കൂടി പൊതുബജറ്റില്‍ ചേര്‍ക്കണമെന്നാണ് ആവശ്യം.

ആദ്യമായി ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത് നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ.് റെയില്‍വെ ബജറ്റ് എന്ന രീതി നിര്‍ത്തലാക്കിയാല്‍ 92 വര്‍ഷമായി തുടരുന്ന പതിവിന് അവസാനമാകും. റെയില്‍വെ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1924-25 സാമ്പത്തിക വര്‍ഷത്തിലാണ്.
റെയില്‍വെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്‌കൊണ്ടാണ് റെയില്‍വേക്ക് മാത്രമായി പ്രത്യേകം ബജറ്റ് വേണ്ടെന്ന നിഗമനത്തില്‍  റെയില്‍വെമന്ത്രാലയ വൃത്തങ്ങള്‍ എത്തിച്ചേര്‍ന്നത്.

ഇപ്പോഴത്തെ പ്രതിസന്ധി തുടരുകയാണെങ്കില്‍ റെയില്‍വേയിലെ തൊഴിലാളികള്‍ക്ക് ഭാവിയില്‍ ശമ്പളമോ പെന്‍ഷനോ പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യം ആവുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയത് കൊണ്ട് തന്നെ തൊഴിലാളി സംഘടനകളും ഈ നിലപാടിന് അനുകൂലമാണ്.
മന്ത്രിയുടെ കത്തിന്  ധനകാര്യമന്ത്രാലയത്തില്‍ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല. ജൂണിലാണ് അദ്ദേഹം കത്തയച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more