| Saturday, 1st January 2022, 8:45 pm

പണമില്ലാത്തതിനാല്‍ ലഞ്ച് ഒഴിവാക്കിയതും ഇനി തീവ്രവാദമാക്കുമോ; ജന്മഭൂമി വാര്‍ത്തക്കെതിരെ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹാത്രസിലേക്കുള്ള യാത്രാ മധ്യേ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തക്കെതിരെ ഭാര്യ റൈഹാന സിദ്ദീഖ്.

ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടാന്‍ സിദ്ദീഖ് കാപ്പന്‍ ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും തുച്ഛമായ ശമ്പളത്തില്‍ ഓണ്‍ലൈന് വേണ്ടി പണിയെടുക്കുന്ന കാപ്പന്‍ എങ്ങനെ അവിടെ പോയെന്നുമുള്ള തരത്തിലാണ് ജന്മഭൂമിയുടെ റിപ്പോര്‍ട്ടിംഗ്. ഇതിന് മറുപടിയായിട്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ റൈഹാന സിദ്ദീഖ് രംഗത്തെത്തിയത്.

വിക്കിപീഡിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കാപ്പന്‍. (ഇപ്പോഴത്തെ കാപ്പന്റെ പ്രൊഫൈല്‍ പിക് തന്നെ വിക്കിപീഡിയയുടെ ക്യാമ്പയ്‌നുമായി ബന്ധപ്പെട്ടതാണ്). അതിന് വേണ്ടി ദക്ഷിണാഫ്രിക്കയിലും മറ്റും പോയിട്ടുണ്ട്. ദല്‍ഹിയിലെ പത്രക്കാരായ സുഹൃത്തുക്കളോട് കൂടി പറഞ്ഞ്, അത് സിദ്ദീഖ് കാപ്പന്‍ ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തായിരുന്നു യാത്ര എന്നും റൈഹാന പറഞ്ഞു.

ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി ‘രഹസ്യയാത്ര’ പോയ ഒരാള്‍ ഇങ്ങനെ സോഷ്യല്‍മീഡിയയില്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് സംഘികള്‍ അല്ലാത്ത വേറെ ആരും വിശ്വസിക്കില്ലെന്ന് അവര്‍ പറഞ്ഞു.

‘ഐ.എന്‍.എസ് ബില്‍ഡിങ്ങിന് സമീപത്തെ ഗുപ്തയുടെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ കാപ്പന്റെ ദക്ഷിണാഫ്രിക്കന്‍ യാത്രയും വിക്കിപീഡിയയും ഒക്കെ ആരോ ചര്‍ച്ചയ്ക്കിട്ടതായും ഓര്‍ക്കുന്നു. പോരാഞ്ഞ്, സമ്മേളനത്തിന്റെ കുറേ ഫോട്ടോകളും കാപ്പന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു,’ റൈഹാന കൂട്ടിച്ചേര്‍ത്തു.

തേജസ് പൂട്ടിയ ശേഷം ജോയിന്‍ ചെയ്ത തല്‍സമയത്തില്‍ നിന്ന് ശമ്പളം മുടങ്ങിയതോടെ പണമില്ലാത്തതിനാല്‍ ലഞ്ച് സ്‌കിപ് ചെയ്തിട്ടുണ്ട് കാപ്പന്‍. പക്ഷേ തീവ്രവാദപരിശീലനത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള്‍ വായിക്കേണ്ടിവരുമെന്നും റൈഹാന കൂട്ടിച്ചേര്‍ത്തു.

അതേസമയം, ‘കാപ്പനെതിരെ ഗുരുതര കണ്ടെത്തലുകള്‍; തീവ്രവാദത്തിനു വിദേശ പരിശീലനം ലഭിച്ചു; കൊടും ഭീകരന്‍ ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളി,’ എന്ന തലക്കെട്ടിലായിരുന്നു യു.പി പൊലിസിനെ ഉദ്ദരിച്ച് ജന്മഭൂമി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

‘തീവ്രവാദത്തിന് സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം വിദേശത്ത് നിന്നാണ് സിദ്ദിഖ് കാപ്പനു ലഭിച്ചത്, ദക്ഷിണാഫ്രിക്കയിലും ജോര്‍ജിയയിലും ഗള്‍ഫ് രാജ്യങ്ങളിലും കാപ്പന്‍ നടത്തിയ വിദേശയാത്രകള്‍ ആരുടെ ചെലവില്‍ തുടങ്ങിയവയക്കൊ കൃത്യമായ തെളിവുകള്‍ യു.പി പൊലീസ് കണ്ടെത്തി.

മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനമാണ് സിദ്ദിഖ് കാപ്പന്‍ നടത്തിയതെന്നു കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ കുറ്റം ചുമത്തിയിട്ടുള്ളത്,’ തുടങ്ങിയ അരോപണങ്ങളാണ് ജന്മഭൂമി വാര്‍ത്തയിലുണ്ടായിരുന്നത്.

സിദ്ദിഖ് കാപ്പനെ കുടുക്കിയിത് മലയാള മനോരമ ലേഖകന്റെ മൊഴിയാണെന്നതും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാപ്പനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന, മലയാള മനോരമ ലേഖകന്‍ ബിനു വിജയന്റെ മൊഴിയാണ് പുറത്തുവന്നത്.

കുറ്റപത്രത്തിലുള്ള വിവരങ്ങള്‍ ന്യൂസ് ലോണ്ട്രിയാണ് പുറത്തുവിട്ടത്. കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ ദല്‍ഹി സെക്രട്ടറിയായിരിക്കെ കാപ്പന്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും വര്‍ഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഐക്യം തകര്‍ക്കുന്നതിനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനുമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നുമാണ് ബിനു വിജയന്റെ മൊഴിയില്‍ പറയുന്നത്.

യു.പി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഉദ്യോഗസ്ഥര്‍ കാപ്പന് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ പ്രതിഭാഗം അഭിഭാഷകനായ മധുവന്‍ ദത്ത് ചതുര്‍വേദി പരിശോധിച്ചിക്കുകയും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനെതിരെ മൊഴി നല്‍കിയവരെ കുറിച്ചുള്ള കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ ന്യൂസ് ലോണ്ട്രി പുറത്തുവിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Raihana Siddique against fake news about Malayalam journalist Siddique Kappan

We use cookies to give you the best possible experience. Learn more