റൂർക്കല: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെയും, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും ഹെലികോപ്ടറുകളിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ഇന്നലെ റൂർക്കലയിൽ വെച്ച് നവീൻ പട്നായിക്കിന്റെ ഹെലികോപ്റ്റർ ഹെലിപാഡിൽ നിന്നും ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങവേയായിരുന്നു ഉദ്യോഗസ്ഥർ വാഹനങ്ങളിൽ പാഞ്ഞെത്തി പരിശോധന നടത്തിയത്.
ആ സമയം നവീൻ പട്നായിക്ക് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഹെലികോപ്റ്ററിലേക്ക് കയറിയ ഉദ്യോഗസ്ഥർ അതിനകത്തുണ്ടായിരുന്നബാഗുകളും മറ്റുമാണ് പരിശോധിച്ചത്. എന്നാൽ സംശയകരമായി എന്തെങ്കിലും കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ല. ഇരുവരുടെയും കാറിലും മറ്റു വാഹനങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് 24 മണിക്കൂർ മാത്രം ശേഷിക്കെയാണ് ഉദ്യോഗസ്ഥരുടെ നടപടി.
കർണാടകയിലെ ശിവമോഗ ജില്ലയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോഴാണ് ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തിയത്. ഭീതിയുടെ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് പരിശോധനയെ വിമർശിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. തനിക്ക് റെയ്‌ഡുകളെ പേടിയില്ലെന്നും കുമാരസ്വാമി പറഞ്ഞു.
മാണ്ഡ്യ, ശിവമോഗ, രാമനഗര, ഹസ്സൻ, എന്നിങ്ങനെ കർണാടകയിലെ പല സ്ഥലങ്ങളിലും നികുതി ഉദ്യോഗസ്ഥർ റെയ്‌ഡുകൾ നടത്തുകയുണ്ടായി. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇത് പ്രതികാര രാഷ്ട്രീയമാണെന്ന് അവർ കുറ്റപ്പെടുത്തി.
ശിവമോഗയിൽ വെച്ച് കർണാടക മന്ത്രിസഭയിലെ ബി.ജെ.പി. പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പയുടെ ഹെലികോപ്റ്ററിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. എന്നാൽ അവിടെ നിന്നും എന്തെങ്കിലും ലഭിച്ചിരുന്നോ എന്നുള്ള കാര്യം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ, ഡി.എം.കെ. നേതാവ് കനിമൊഴിയുടെ തൂത്തുകുടിയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികൾ പണം കൊടുത്ത് വോട്ടർമാരെ വശത്താക്കാൻ സാധ്യതയുള്ളതിനാലാണ് റെയ്‌ഡുകൾ നടത്തുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.