ദല്‍ഹി പൊലീസ് കേരളത്തിലും; പത്തനംത്തിട്ടയില്‍ ന്യൂസ്‌ക്ലിക്ക് മുന്‍ ജീവനക്കാരിയുടെ വീട്ടില്‍ റെയ്ഡ്
Kerala News
ദല്‍ഹി പൊലീസ് കേരളത്തിലും; പത്തനംത്തിട്ടയില്‍ ന്യൂസ്‌ക്ലിക്ക് മുന്‍ ജീവനക്കാരിയുടെ വീട്ടില്‍ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 9:16 pm

തിരുവനന്തപുരം: മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട റെയ്ഡ് കേരളത്തിലും. ന്യൂസ്‌ക്ലിക്കിലെ മുന്‍ ജീവനക്കാരിയുടെ വീട്ടിലാണ് ദല്‍ഹി പൊലീസെത്തിയത്. പത്തനംത്തിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. ഇവരുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ബാങ്ക് രേഖകളും
പിടിച്ചെടുത്തു.

ഇന്ന് വൈകിട്ടാണ് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമെത്തി പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പൊലീസ് പരിശോധന നടത്തിയത്.

നാല് വര്‍ഷക്കാലം ന്യൂസ്‌ക്ലിക്ക് ഇന്റര്‍നാഷണല്‍ ഡെസ്‌കിലെ ലേഖികയായിരുന്നു അനുഷ പോള്‍. ഡി.വൈ.എഫ്.ഐ ദല്‍ഹി സംസ്ഥാന കമ്മിറ്റി ട്രഷറര്‍ കൂടിയാണ് അനുഷ. ഭീഷണിയുടെ സ്വരത്തിലാണ് ദല്‍ഹി പൊലീസ് പെരുമാറിയതെന്നും ഉടന്‍ ദല്‍ഹിയിലെത്തി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാതയു അനിഷ മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയില്‍ നിന്ന് ധനസഹായം സ്വീകരിച്ചു എന്ന് ആരോപിച്ചാണ് ന്യൂസ്‌ക്ലിക്ക് ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും റെയ്ഡ് നടക്കുന്നത്. ദല്‍ഹി, ഗുരുഗ്രാം, നോയ്ഡ, ഗാസിയാബാദ്, മുംബൈ എന്നിവിടങ്ങളിലായി 46 മാധ്യമപ്രവര്‍ത്തകരുടെ വീടും ഓഫീസുമാണ് 200ഓളം പൊലീസുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് ചെയ്തത്.