കോഴിക്കോട്: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് പോലീസ് റെയ്ഡ്. സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഓരോ സ്ഥലത്തെയും സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളാണ് പരിശോധനയില്‍ പോലീസിനു ലഭിച്ചത്. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
സ്‌കൂള്‍ എം.ഡി എം.എം അക്ബറിനെ ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് പോലീസ് ഇന്ന് എത്തിയത്. അക്ബറിനെ അന്വേഷിച്ച് രണ്ടു തവണ കോഴിക്കോട്ടെ ഓഫീസിലെത്തിയെങ്കിലും അവധിയിലാണെന്നും പ്രഭാഷണങ്ങള്‍ക്കായി പോയതാണെന്നുമുള്ള മറുപടിയായിരുന്നു ലഭിച്ചത്.
എന്നാല്‍ അക്ബര്‍ വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. കേസിലെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്.
ഇയാള്‍ ഖത്തറിലാണുള്ളതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. എം.ഡിയുടെ സെക്രട്ടറി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മുംബൈയില്‍ പുസ്തകം അച്ചടിച്ച മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് അറസ്റ്റിലായത്. ഈ സ്ഥാപനം അധ്യാപകര്‍ക്ക് പരിശീലനവും നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരിലും ഭീകര സംഘടനയായ ഐസിസുമായി ബന്ധമുള്ള ചിലര്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.
മത തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങള്‍ ചെറിയ ക്ലാസിലെ കുട്ടികളെ പോലും പഠിപ്പിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു.
എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് പിടിച്ചെടുത്ത രണ്ടാം ക്ളാസിലെ ഇസ്‌ളാമിക് സ്റ്റഡീസ് പാഠപുസ്തകത്തിലാണ് മതസ്പര്‍ദ്ധയുളവാക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയത്.
സ്‌കൂള്‍ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പന്‍, നൂര്‍ഷ കള്ളിയത്ത്, സിറാജ് മേത്തര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുംബയ് ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ബൂര്‍ജിന്റെ ചെയര്‍മാന്‍ ദാവൂദ് വെയ്ത് (38) ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ ചുമതലക്കാരനായ സമീദ് അഹമ്മദ് ഷെയ്ക് (31), ഡിസൈനര്‍ സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവര്‍ പിടിയിലായിരുന്നു.
ഇവര്‍ നല്‍കുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അക്ബര്‍ ചെയര്‍മാനായ കരിക്കുലം സമിതിയാണ്.
ആരോപണവിധേയമായ പാഠഭാഗങ്ങള്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുസ്തകത്തില്‍ ഉണ്ടെങ്കിലും അത് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം.