കണ്ണൂര്‍: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്റര്‍ കോംപ്ലക്സില്‍ വിജിലന്‍സ് റെയ്ഡ്.
വിനോദനികുതിയും സെസും അടക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡിനിറങ്ങിയത്. സംസ്ഥാനത്തെ മറ്റ് തിയേറ്ററുകളിലും റെയ്ഡ് പുരോഗമിക്കുന്നുണ്ട്.
സിനിമാ സമരത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് തിയറ്റര്‍ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടുള്ള റെയ്ഡ് എന്നതും ശ്രദ്ധേയമാണ്.
തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ആരംഭിച്ച സമരം സിനിമാ ലോകത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എ ക്ലാസ് തിയറ്ററുകള്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല എന്നായിരുന്നു തീരുമാനം. പകരം അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു.
നിര്‍മാതാക്കളെ സമ്മര്‍ദത്തിലാക്കി ആവശ്യം നേടിയെടുക്കാനാണ് തിയറ്റര്‍ ഉടമകള്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ സമ്മര്‍ദത്തിനു വഴങ്ങാതെ നിര്‍മാതക്കള്‍ നിലപാട് എടുത്തതോടെ തീയറ്ററുകള്‍ പരുങ്ങലിലാവുകയായിരുന്നു.
എന്നാല്‍ സിനിമകള്‍ ഇല്ലാതായതോടെ തിയറ്റര്‍ ഉടമകള്‍ രണ്ടു തട്ടിലാവുകയും ചെയ്തു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെതിരെ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ഇതിനിടെ രംഗത്തെത്തിയിരുന്നു. ലിബര്‍ട്ടി ബഷീറിന്റെ താല്പര്യങ്ങളാണ് സമരം വഷളാക്കിയതെന്നായിരുന്നു അവര്‍ ആരോപിച്ചത്.
ലിബര്‍ട്ടി ബഷീറിനെതിരെ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയതിനു പിന്നാലെ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാറും രംഗത്തെത്തിയിരുന്നു. ടിക്കറ്റ് നിരക്കില്‍ ബഷീര്‍ കള്ളത്തരം കാണിച്ചു എന്നായിരുന്നു ആരോപണം. 70 രൂപ നിരക്കിലുള്ള ടിക്കറ്റ് 100 രൂപയ്ക്കു വിറ്റു എന്നായിരുന്നു ബഷീറിനെതിരായ ആരോപണം.