| Thursday, 13th January 2022, 2:07 pm

ദിലീപിന്റെ നിര്‍മ്മാണകമ്പനിയിലും സഹോദരന്‍ അനൂപിന്റെ വസതിയിലും റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണകമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിലും റെയ്ഡ്. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അന്വേഷണം നടത്തുന്നത്.

നിലവില്‍ കമ്പനി പൂട്ടികിടക്കുന്നതിനാല്‍ പരിശോധന വൈകുകയാണ്. അതേസമയം, ദിലീപിന്റെ വീട്ടില്‍ നടക്കുന്ന പരിശോധന ഒന്നരമണിക്കൂര്‍ പിന്നിട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന.

ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരിയാണ് ആദ്യം സ്ഥലത്തെത്തിയത്. ഇവരാണ് അന്വേഷണ സംഘത്തിന് വീട് തുറന്ന് നല്‍കിയത്. അതിന് മുമ്പേ തന്നെ അന്വേഷണ സംഘത്തില്‍ ചിലര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് ദിലീപിന്റെ പത്മസരോവരം വീട്ടിലുള്ളത്.

അതേസമയം, ദിലീപും ഭാര്യ കാവ്യയും വീട്ടിലില്ല. ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നാണ് ലഭിക്കുന്ന വിവരം. അനൂപെത്തിയ സാഹചര്യത്തില്‍ ദിലീപ് എവിടെയാണെന്നത് സംബന്ധിച്ച് അനൂപില്‍ നിന്നും വിവരം തേടിയേക്കും. അനൂപിന്റെ വീട്ടിലും റെയ്ഡുണ്ട്.

പന്ത്രണ്ട് മണിയോടെയാണ് പൊലീസ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധനയെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ദിലീപിന്റെ വീട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടതും വി.ഐ.പി എന്ന് പറയുന്ന ആള്‍ എത്തിയെന്ന് പറഞ്ഞതും ഈ വീട്ടിലായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, പള്‍സര്‍ സുനിയുടെ അമ്മയെ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. പള്‍സര്‍ സുനിയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതോടെയാണ് അമ്മയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Raid on Dileep’s construction company and his brother Anoop’s residence

We use cookies to give you the best possible experience. Learn more