ന്യൂദല്‍ഹി: മുംബൈ, ദല്‍ഹി ബി.ബി.സി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് 23 മണിക്കൂര്‍ പിന്നിട്ടു. കഴിഞ്ഞ ദിവസം പകല്‍ 11 മണിയോട് കൂടിയാണ് മിനുട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് ഓഫീസുകളിലും റെയ്ഡ് ആരഭിച്ചത്. രാത്രിയോട് കൂടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ കിടക്കകളും മറ്റ് സാമഗ്രികളും ലഭ്യമാക്കി മുഴുവന്‍ സമയ റെയ്ഡിലേക്ക് ആദായനികുതിവകുപ്പ് കടക്കുകയായിരുന്നു.
ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബി.ബി.സി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഓഫീസുകളിലുള്ള ബി.ബി.സി ഉദ്യോഗസ്ഥര്‍ക്കും പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജോലിക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് ബി.ബി.സി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധവുമായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ബി.ബി.സി ഓഫീസുകളില്‍ എന്തിനാണ് പരിശോധന എന്ന് ആദായനികുതി അറിയിച്ചില്ല. ഇത് റെയ്ഡ് അല്ലെന്നും സര്‍വ്വേ ആണെന്നുമാണ് ആദായനികുതി വകുപ്പിന്റെ അഭിപ്രായം. ഒരു കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പേള്‍ പാലിക്കേണ്ട പല ചട്ടങ്ങളും ബി.ബി.സി പാലിച്ചില്ല. ഫോറിന്‍ ടാക്‌സ് വിഷയത്തിലും, ട്രാന്‍ഫര്‍ പ്രൈസിങ്ങിലും ബി.ബി.സി ചട്ടലംഘനം നടത്തിയെന്നും ഇതിനെതിരെ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.