യുവമോര്‍ച്ച നേതാവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ റെയ്ഡ്: കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തി
Kerala
യുവമോര്‍ച്ച നേതാവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ റെയ്ഡ്: കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2017, 1:43 pm

കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ റെയ്ഡ്. റെയ്ഡില്‍ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തി.

അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകള്‍ക്കു പുറമേ 50ന്റെയും 100ന്റെയും പത്തിന്റെയും കള്ളനോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ മതിലകത്തുള്ള രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ റെയ്ഡ് പുരോഗമിക്കുകയാണ്.

ബി.ജെ.പി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹിയുമാണ് രാകേഷ് ഏഴാച്ചേരി. ഇയാള്‍ക്കു പുറമേ യുവമോര്‍ച്ച നേതാവുകൂടിയായ സഹോദരന്‍ രാഗേഷിനും കള്ളനോട്ടടിയില്‍ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാജേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രാഗേഷ് ഒളിവിലാണ്.

വീടിന്റെ മുകളിലത്തെ നിലയില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലാണ് കള്ളനോട്ട് അടിച്ചിരുന്നത്. ഇവര്‍ സമീപത്തെ ചിലയാളുകള്‍ക്ക് നോട്ടുകള്‍ കൈമാറിയിരുന്നു. സംശയം തോന്നിയ ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഇവര്‍ പലിശയ്ക്ക് പണം നല്‍കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കാന്‍ എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പഴയ 500,1000നോട്ടുകള്‍ നിരോധിച്ച് പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകള്‍ കൊണ്ടുവന്നത്. എന്നാല്‍ പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ അതിന്റെ കള്ളനോട്ടുകളും വ്യാപകമായിരുന്നു.