കുറിപ്പടി മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സ്‌നാപ്ഡീല്‍ ഓഫീസില്‍ റെയ്ഡ്
Daily News
കുറിപ്പടി മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സ്‌നാപ്ഡീല്‍ ഓഫീസില്‍ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2015, 10:17 pm

snapdeal-01മുംബൈ: കുറിപ്പടി മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രമായ സ്‌നാപ്ഡീലിന്റെ മുംബൈ ഓഫീസില്‍ റെയ്ഡ് നടത്തി. മഹാരാഷ്ട്രയിലെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) വിഭാഗമാണ് പരിശോധന നടത്തിയിരിക്കുന്നത്.

ലഹരിമരുന്നുകള്‍ കമ്പനിയുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തെന്നും എഫ്.ഡി.എയുടെ പരിശോധനയുമായി സഹകരിക്കുന്നുണ്ടെന്നും സ്‌നാപ്ഡീല്‍ അറിയിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എഫ്.ഡി.എ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

“നോട്ടീസ് ലഭിച്ചയുടന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ പട്ടിയില്‍ നിന്ന് മാറ്റുകയും എഫ്.ഡി.എ അധികൃതര്‍ക്ക് എല്ലാ വിവരങ്ങളും നല്‍കുകയും ചെയ്തു. അവരുടെ പരിശോധനയില്‍ അത്തരത്തിലുള്ള ഒരു ഉല്‍പ്പന്നവും കണ്ടെത്താനായില്ല. അവരുടെ പരിശോധനയില്‍ ഞങ്ങളും സഹായിച്ചു.” സ്‌നാപ്ഡീല്‍ വക്താവ് അറിയിച്ചു.

കുറിപ്പടി മരുന്നുകള്‍ അടക്കമുള്ള മരുന്നുകള്‍ സ്‌നാപ്ഡീല്‍ ഡോട്ട് കോം വഴി വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് എഫ്.ഡി.എ കമ്മീഷ്ണര്‍ അറിയിച്ചു.