സെന്‍ട്രല്‍ ജയിലിലെ റെയ്ഡില്‍ മുണ്ടുകളുടെ കൂമ്പാരം പിടികൂടി
Kerala
സെന്‍ട്രല്‍ ജയിലിലെ റെയ്ഡില്‍ മുണ്ടുകളുടെ കൂമ്പാരം പിടികൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2013, 12:47 am

[]തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ ജയില്‍ അധികൃതരുടെ റെയ്ഡ്.

ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം സൗത്ത്‌സോണ്‍ ജയില്‍ ഡി.ഐ.ജി. ബി. പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. []

റെയ്ഡില്‍ കണക്കില്‍പ്പെടാതെ സെല്ലുകളില്‍ സൂക്ഷിച്ചിരുന്ന മുണ്ടുകള്‍, ഷീറ്റ്, മറ്റ് തുണികള്‍, സ്വന്തമായി പാചകം ചെയ്യാനുള്ള അടുപ്പ്, പാത്രം എന്നിവ പരിശോധനയില്‍ പിടികൂടി.

സെന്‍ട്രല്‍ ജയിലിലെ തടവുകാരായ കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദനും കൂട്ടാളി പ്രകാശും ജയില്‍ ചാടിയതിനെ തുടര്‍ന്നായിരുന്നു പരിശോധന.

ഇവര്‍ ജയില്‍ ചാടാന്‍ മുണ്ടുകളാണ് ഉപയോഗിച്ചത്. ഇവരുടെ സെല്ലില്‍ നിന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വീണ്ടും കൂടുതല്‍ മുണ്ടുകള്‍ കണ്ടെടുത്തിരുന്നു.

സെന്‍ട്രല്‍ ജയില്‍, ജില്ലാ ജയില്‍, നെയ്യാറ്റിന്‍കര തുറന്ന ജയില്‍, സിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ജയിലര്‍മാര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഇതേ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകീട്ട് തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടര്‍ന്നു.