Kerala News
മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 03, 05:54 am
Monday, 3rd July 2023, 11:24 am

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്. എറണാകുളത്തെ മരോട്ടിചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോര്‍ട്ടര്‍മാരുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തിലാണ് പരിശോധന. ജീവനക്കാരുടെ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് പരിശോധിക്കുന്നുണ്ട്.

നേരത്തെ വ്യാജ വാര്‍ത്ത നല്‍കി തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് പി.വി ശ്രീനിജന്‍ എം.എല്‍.എ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഒളിവിലിരിക്കുന്ന ഷാജന്‍ സ്‌കറിയയെ കണ്ടെത്തുന്നതിനും പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പേരില്‍ നല്‍കിയിരുന്ന വാര്‍ത്തയുടെ ഉറവിടം കണ്ടെത്തുന്നതിനുമായാണ് പരിശോധനയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം, ഷാജന്‍ സ്‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കൊച്ചി സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇയാള്‍ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി ഷാജന്‍ സ്‌കറിയ ഒളിവിലാണെന്നും പൊലീസ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിട്ടുണ്ട്.

എം.എല്‍.എ ശ്രീനിജനെതിരായ അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനെന്ന നിലയില്‍ ശ്രീനിജന്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് ഷാജന്‍ നല്‍കിയത്.

വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ എം.എല്‍.എയുടെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ആ ആവശ്യവും കോടതി തള്ളുകയായിരുന്നു.

Content Highlight: Raid in marunadan malayali office