| Thursday, 19th July 2012, 9:19 am

സംസ്ഥാനത്തെ ഹോട്ടലുകളില്‍ റെയ്ഡ് : 18 ഹോട്ടലുകള്‍ അടച്ചുപൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ റെയ്ഡ് തുടരുന്നു. ഇതുവരെ 18 ഓളം ഹോട്ടലുകളാണ് സംസ്ഥാനത്ത് അടച്ചൂപൂട്ടിയത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള 20 സ്വാഡുകളാണ് റെയ്ഡ് നടത്തുന്നത്.

കായംകുളത്ത് കെ.എസ്.ആര്‍.ടി.സി.കാന്റീന്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അടച്ചുപൂട്ടി. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷനിലെ മീന, ലക്ഷ്മി, ദേവി, മെഡിക്കല്‍ കോളജ് ജങ്ഷനിലെ രാധാകൃഷ്ണ, ചാലക്കുഴി റോഡിലെ കോഫിബാര്‍ എന്നിവയാണ് പൂട്ടിയത്. []

കോഴിക്കോട് ആനിഹാള്‍ റോഡിലെ അറേബ്യന്‍ ഡൈന്‍സ്, കോട്ടൂളിയിലെ ബ്രോസ്റ്റ് റസ്‌റ്റോറന്റ്, വെള്ളയിലെ രണ്ടു ചായക്കടകള്‍ എന്നിവയും പൂട്ടിച്ചു. കോഴിക്കോട്ട് കോര്‍പറേഷന്‍ പരിധിയിലും സമീപപ്രദേശങ്ങളിലെയും 16 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷണമുണ്ടാക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. അടച്ച ഹോട്ടലുകള്‍ക്ക് പ്രശ്‌നം പരിഹരിച്ച് വീണ്ടും തുറക്കാന്‍ ഒരവസരം കൂടി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, നഗരത്തില്‍ ചായം മുക്കി വില്‍പനക്കുവെച്ച 35 കിലോ പേരക്ക പിടിച്ചെടുത്ത് നശിപ്പിച്ചു.

കൊല്ലം ബീച്ച് റോഡിലെ ഹോട്ട് ചിക്‌സ്, പത്തനംതിട്ട പൊലീസ് സ്‌റ്റേഷന് സമീപത്തെ രമ്യ, എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ റോളക്‌സ്, പാലാരിവട്ടം താസ് അറേബ്യന്‍ ടേസ്റ്റ്, തൃശൂര്‍ അശ്വിനി ആശുപത്രി ജങ്ഷനിലെ റോയല്‍പഌസ,എന്നിവയാണ് അടപ്പിച്ചത്.

ഹോട്ടലുകളിലുള്ള വൃത്തിഹീനമായ സാഹചര്യം അതീവ ഗുരുതരമാണെന്ന് ചീഫ് ഫുഡ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൊല്ലത്ത് 13 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.. അതേസമയം ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവമുണ്ടായിട്ടുപോലും തിരുവനന്തപുരത്ത് കഴിഞ്ഞദിവസം പഴകിയ ഭക്ഷണം പലയിടത്തും വിതരണം ചെയ്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇതിനിടെ, കൊച്ചിയില്‍ ഷവര്‍മ വില്‍പ്പന ഒരാഴ്ചത്തേക്ക് നിരോധിച്ചതായി ചീഫ് ഫുഡ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഇറച്ചിയാണ് പലയിടത്തും ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പാതയോരത്ത് വില്‍പ്പന നടത്തുന്ന ഷവര്‍മയില്‍ വ്യാപകമായി പൊടിയുടെ അംശവും കണ്ടെത്തിയിരുന്നു. കോട്ടയത്ത് 40 കിലോ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു.

അതേസമയം റെയ്ഡ് അധികവും നടക്കുന്നത് ചെറിയ ഹോട്ടലുകളെ കേന്ദ്രീകരിച്ചാണെന്നും വലിയ ഹോട്ടലുകള്‍ റെയ്ഡില്‍ നിന്നും ഒഴിവാക്കപ്പെടുന്നെന്നും ആരോപണമുണ്ട്.

We use cookies to give you the best possible experience. Learn more