കൊച്ചി: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന തുടങ്ങി. കൊച്ചിയിലും തൃശൂരിലും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന തുടരുകയാണ്. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇടപ്പള്ളിയില്‍ രാവിലെ അഞ്ച് മണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടരുകയാണ്.
ഇന്ന് അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡി.ജി.പി, കെ.എസ്.ആര്‍.ടി.സി എംഡി എന്നിവര്‍ പങ്കെടുക്കും.
കല്ലട ട്രാവല്‍സ് സ്വകാര്യ ബസ് സര്‍വീസിലെ ജീവനക്കാര്‍ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവത്തിത്തിനു പിന്നാലെയാണ് മോട്ടര്‍ വകുപ്പിന്റെ തീരുമാനം.
അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന ബസുകളിലും അവയുടെ ഓഫീസുകളിലുംസ്‌ക്വാഡുകള്‍ പരിശോധന നടത്താനായിരുന്നു ഗതാതഗ കമ്മീഷണര്‍ ഉത്തരവിട്ടത്. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി തുടങ്ങാനും തീരുമാനിച്ചിരുന്നു.
വാഹനങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. 8281786096 എന്നതാണ് ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കേണ്ട നമ്പര്‍.
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴ് പേരാണ് അറസ്റ്റിലായത്.ഇതില്‍ ബസ് ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടിയുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തശേഷം എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
എന്നാല്‍ മര്‍ദ്ദിച്ചെന്ന പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യുവാവ് ആരോപിച്ചിരുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് പരാതിയുമായി രംഗത്ത് വന്നത്.
താന്‍ കല്ലട ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ബസ്സ് അപ്രതീക്ഷിതമായി ബസ് ഒരു സ്ഥലത്ത് നിര്‍ത്തുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറയുന്നു. ഇതിനിടെ ഒരു പാക്കറ്റ് ബസ് ജീവനക്കാരന്‍ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി.