| Wednesday, 13th December 2017, 7:00 pm

ബിറ്റ്‌കോയിന്‍ ഇടപാട്; നികുതി വെട്ടിപ്പെന്ന സംശയത്തില്‍ രാജ്യത്തെങ്ങും ഇന്‍കം ടാക്‌സ് റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ ശേഖരിച്ചു നികുതി വെട്ടിക്കുന്നെന്ന സംശയത്തില്‍ രാജ്യമെങ്ങും ആദായനികുതി വകുപ്പ് റെയ്ഡ്. ബംഗലൂരുവിലെ അന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കൊച്ചിയുള്‍പ്പെടെ ബിറ്റ്‌കോയിന്‍ വ്യാപാര കേന്ദ്രങ്ങളായ ഒന്‍പതിടത്തായിരുന്നു പുലര്‍ച്ചെ മുതല്‍ റെയ്ഡ്. ദല്‍ഹി, ബംഗലൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു.

ഇന്‍കം ടാക്‌സ് ആക്ട്, 133 എ വകുപ്പ് അനുസരിച്ചായിരുന്നു റെയ്ഡ്. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൃത്യമായി വിശകലനം ചെയ്യുകയാണ്.

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്കെതിരെ രാജ്യത്തു നടക്കുന്ന ആദ്യത്തെ നടപടിയാണിത്. ബിറ്റ്‌കോയിന്‍ ഇതുവരെ രാജ്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടില്ലെന്നു മാത്രമല്ല അതിന്റെ വ്യാപനത്തെക്കുറിച്ചു ലോകമെങ്ങും ആശങ്കയുമുണ്ട്.

വിര്‍ച്വല്‍ കറന്‍സികളെക്കുറിച്ചു റിസര്‍വ് ബാങ്ക് നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ല.

വിര്‍ച്വല്‍ കറന്‍സികളുടെ രാജ്യത്തെയും വിദേശത്തേയും ഇടപാടുകളും മറ്റും നിരീക്ഷിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ആഭ്യന്തര അച്ചടക്ക സമിതിയെ നിയോഗിച്ചിരുന്നു.

We use cookies to give you the best possible experience. Learn more