ബി.ബി.സി മുംബൈ ഓഫീസിലെ റെയ്ഡ് അവസാനിച്ചു
national news
ബി.ബി.സി മുംബൈ ഓഫീസിലെ റെയ്ഡ് അവസാനിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th February 2023, 10:24 pm

ന്യൂദല്‍ഹി: ബി.ബി.സിയുടെ മുംബൈ ഓഫീസിലെ ആദായ നികുതി റെയ്ഡ് അവസാനിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് റെയ്ഡ് അവസാനിച്ചത്. അതേസമയം ദല്‍ഹി ഓഫീസില്‍ റെയ്ഡ് തുടരുകയാണ്.

പല ഷിഫ്റ്റുകളായായിരുന്നു ബി.ബി.സി ഓഫീസുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ആദ്യം എത്തിയ 20 ഉദ്യോഗസ്ഥര്‍ ബുധനാഴ്ച മടങ്ങിയിരുന്നു. തുടര്‍ന്ന് മറ്റൊരു ടീമാണ് പരിശോധനക്കെത്തിയത്. ബുധനാഴ്ച രണ്ട് ഷിഫ്റ്റുകളായി മാറി മാറിയായിരുന്നു പരിശോധന.

100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ബി.സിക്ക് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്. നോട്ടീസ് നല്‍കിയിട്ടും ബി.ബി.സിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകള്‍ക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിനാന്‍സ് അക്കൗണ്ട്സ് വിഭാഗത്തിലാണ് പരിശോധനയെന്നും വാര്‍ത്ത വിഭാഗത്തിലേക്ക് പരിശോധന ഇതുവരെ കാര്യമായി എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. ബി.ജെ.പിയിലെ ഏറ്റവും അടുത്ത ആരും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല എന്നാണ് മഹുവ ട്വീറ്റ് ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ നടപടി സെല്‍ഫ് ഗോളാണെന്ന് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. തരംതാണ പ്രതികാരമായേ ലോകം ഈ റെയ്ഡിനെ കാണൂവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Raid in BBC mumbai office ends, continues at Delhi Office says reports