ആംവേ ഓഫീസുകളില്‍ റെയ്ഡ്: 2.14 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
Kerala
ആംവേ ഓഫീസുകളില്‍ റെയ്ഡ്: 2.14 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2012, 12:20 am

കോഴിക്കോട്:മണി ചെയിന്‍ മാതൃകയില്‍ ഡയരക്ട് മാര്‍ക്കറ്റിങ് നടത്തുന്ന ആംവേ കോര്‍പ്പറേഷന്റെ ഓഫീസുകളിലും ഗോഡൗണിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

െ്രെകംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് എസ്.പി: വത്സന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 2.14 കോടിയുടെ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. സുപ്രധാന രേഖകളും കണ്ടെടുത്തു. []

കോഴിക്കോട് ചക്കോരത്ത്കുളത്തുള്ള ഓഫീസിലും അതിനോട് ചേര്‍ന്ന ഗോഡൗണിലും നടത്തിയ റെയ്ഡില്‍ 16. 9 ലക്ഷം രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തു.

എറണാകുളം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഗോഡൗണുകളിലായിരുന്നു റെയ്ഡ്. ഗോഡൗണുകള്‍ പൂട്ടി സീല്‍ ചെയ്തു. ആംവേയുടെ കേരളത്തിലെ മുഖ്യ ചുമതലക്കാരനായ തമിഴ്‌നാട് സ്വദേശി രാജ്കുമാറിനെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോഴിക്കോട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കും.

കുന്ദമംഗലം സ്വദേശി വിശാലാക്ഷി ആംവേക്ക് എതിരേ കുന്ദമംഗലം പോലീസില്‍ നല്‍കിയ പരാതിയാണ് റെയ്ഡിനു വഴിതെളിച്ചത്. മൂന്നരലക്ഷം രൂപ വാങ്ങി ഉല്‍പ്പന്നങ്ങള്‍ കൈമാറിയ കമ്പനി അധികൃതരും ഏജന്റുമാരും തന്നെ വഞ്ചിച്ചെന്നാണ് വിശാലാക്ഷിയുടെ പരാതി.

ഇന്നലെ രാവിലെ 11 നായിരുന്നു എല്ലായിടത്തും റെയ്ഡ് ആരംഭിച്ചത്. വൈകിട്ട് അഞ്ചുവരെ റെയ്ഡ് തുടര്‍ന്നു. എറണാകുളത്ത് രാത്രി വൈകിയും റെയ്ഡ് തുടര്‍ന്നു. കോഴിക്കോട് ഔഫീസില്‍ ഡിവൈ.എസ്.പി: പി.സി. വേണുഗോപാല്‍, സി.ഐ പി.ടി. ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് സിസ്റ്റമാണെന്നും കണ്ണികളെ ചേര്‍ക്കുന്നതില്‍ വിജയിച്ചാല്‍ മാത്രമേ പണം തിരികെ കിട്ടുകയുള്ളൂവെന്നും അറിയില്ലായിരുന്നെന്നും പരാതിയില്‍ പറയുന്നു. കുന്ദമംഗലത്തും പാവങ്ങാടുമുള്ള ഏജന്റുമാരാണ് പണം വാങ്ങിയത്. പരാതി കുന്ദമംഗലം പോലീസ് മണിചെയിന്‍ തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്ന കോഴിക്കോട് െ്രെകംബ്രാഞ്ച് വിഭാഗത്തിനു കൈമാറുകയായിരുന്നു.

അടുത്തിടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊണാവി മണിചെയിന്‍ കമ്പനിയുടെ തലവന്‍ സജീവ് നായരെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജയിലിലാണ്. ആംവേയില്‍ പ്രവര്‍ത്തിച്ച് കോടികള്‍ തട്ടിയശേഷമാണ് ഇയാള്‍ മൊണാവിയില്‍ ചേര്‍ന്നത്.