ന്യൂദല്‍ഹി: ബി.ബി.സി ഓഫീസുകളിലെ ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് മൂന്നാം ദിവസവും തുടരുന്നു. ഉദ്യോഗസ്ഥര്‍ പല ഷിഫ്റ്റുകളായിട്ടാണ് പരിശോധന നടത്തുന്നത്. ആദ്യം എത്തിയ 20 ഉദ്യോഗസ്ഥര്‍ ബുധനാഴ്ച മടങ്ങിയിരുന്നു. തുടര്‍ന്ന് മറ്റൊരു ടീമാണ് പരിശോധനക്കെത്തിയത്. ബുധനാഴ്ച രണ്ട് ഷിഫ്റ്റുകളായി മാറി മാറിയാണ് പരിശോധന നടത്തിയത്.
നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിനാന്‍സ് അക്കൗണ്ട്‌സ് വിഭാഗത്തിലാണ് പരിശോധനയെന്നും വാര്‍ത്ത വിഭാഗത്തിലേക്ക് പരിശോധന ഇതുവരെ കാര്യമായി എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ആദ്യ ദിവസം മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഫോണുകളും ലാപ്‌ടോപ്പുകളും ഓണ്‍ ചെയ്ത് പരിശോധന നടത്തിയിരുന്നു.
അതിനിടയില്‍ റെയ്ഡല്ല പരിശോധനയാണെന്ന അറിയിപ്പ് തന്നെയാണ് ഇപ്പോഴും ആദയ നികുതി ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു. കണക്ക് പരിശോധനക്കപ്പുറത്തേക്ക് ഒരു റെയ്ഡില്‍ സ്വീകരിക്കേണ്ട നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം റെയ്ഡ് നടക്കുന്ന സ്ഥലത്തേക്ക് ഹിന്ദു സേന പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ബി.ബി.സി നിരോധിക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്.
ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബി.ബി.സി അധികൃതര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമായേക്കും. അതേസമയം, ആദായ നികുതി പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 11:30ഓടെയാണ് റെയ്ഡ് തുടങ്ങിയത്. ഗുജറാത്ത് കലാപം, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ എന്നിവ വിഷയമാക്കി ബി.ബി.സിയുടെ ഡോക്യുമെന്ററി പുറത്തിറങ്ങുകയും അതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് റെയ്ഡിന്റെ വാര്‍ത്ത പുറത്തുവരുന്നത്.
Content Highlight: Raid by Income Tax officials at BBC offices continues for third day