| Thursday, 28th June 2018, 11:32 am

സീറോ മലബാര്‍ സഭ വിവാദ ഭൂമി ഇടപാട്; ഇടനിലക്കാരന്‍ സാജുവര്‍ഗ്ഗീസിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ ശക്തമായ നിലപാട് സ്വീകരിച്ച് ആദായ നികുതി വകുപ്പ്. ഭൂമിയിടപാട് കേസിലെ ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസിന്റെ വീട്, പികെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരിക്കുകയാണ്.

അങ്കമാലി രൂപതയുടെ അധികാരപരിധിയിലുണ്ടായിരുന്ന ഭൂമി വില്‍പ്പന നടത്തിയതില്‍ കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി ഒരു കൂട്ടം വൈദികര്‍ തന്നെയാണ് രംഗത്തെത്തിയത്.


ALSO READ: ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ല; പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടല്ലെന്നും ദിലീപ്


ഭൂമിയിടപാട് സംബന്ധിച്ച വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പങ്കുണ്ടെന്നാരോപണത്തെ തുടര്‍ന്നാണ് വിഷയം  വിവാദമായത്. അതേസമയം സ്ഥലം വില്‍പ്പന നടത്തിയ 36 ആധാരങ്ങളിലും ഒപ്പു വെയ്ക്കുകയും ഇടനിലക്കാരനായ സാജു വര്‍ഗ്ഗീസിനെ പരിചയപ്പെടുത്തിയത് ആലഞ്ചേരിയായിരുന്നുവെന്നും നേരത്തേ തെളിഞ്ഞിരുന്നു.

ഏകദേശം 70 കോടി രൂപയോളം മതിപ്പുള്ള ഭൂമി 27 കോടി രൂപയ്ക്ക് വിറ്റെന്നായിരുന്നു പ്രധാന ആരോപണം. ഇതില്‍ നിന്നും 9 കോടി രൂപ മാത്രമാണ് സഭയ്ക്ക് ലഭിച്ചത്.

ബാക്കി നല്‍കാനുള്ള പണത്തിന് പകരം നിയമപ്രശ്‌നങ്ങളുള്ള ഭൂമി നല്‍കി സഭയ്ക്കും വിശ്വാസികള്‍ക്കും ബാധ്യതയുണ്ടാക്കിയെന്ന് വൈദികര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭൂമിയിടപാട് സംബന്ധിച്ച് വിവാദങ്ങള്‍ വാര്‍ത്തയായത്.


ALSO READ: ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോദി നേടുന്നത് വോട്ടുകള്‍; സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്


സാജു വര്‍ഗ്ഗീസിനെ ഇടനിലക്കാരനാക്കി 36 പേര്‍ക്കായിരുന്നു ഭൂമി കൈമാറിയിരുന്നത്. 2016 സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനും ഇടയിലാണ് ഭൂമി വില്‍പ്പന നടത്തിയത്.

കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ഭൂമി രജിസ്റ്റര്‍ ചെയ്തത്.

We use cookies to give you the best possible experience. Learn more