| Thursday, 22nd September 2022, 12:47 pm

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; വിഷയം വിലയിരുത്തി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) രാജ്യവ്യാപക റെയ്ഡുകള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില്‍ കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമിത് ഷായെ കണ്ടതായാണ് റിപ്പോര്‍ട്ട്.

ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും കാണിച്ചാണ് റെയ്ഡ്. പ്രവര്‍ത്തകര്‍ക്ക് വേണ്ടി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതും നടപടിക്ക് കാരണമായി എന്‍.ഐ.എ ചൂണ്ടിക്കാണിക്കുന്നു.

എന്‍.ഐ.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് നിലവില്‍ രാജ്യത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം നടക്കുന്ന റെയ്ഡില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെയാണ് റെയ്ഡ് നടന്നതെന്ന ആരോപണങ്ങളും ഇതിന് പിന്നാലെ ഉയരുന്നുണ്ട്. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. എന്‍.ഐ.എയും ഇ.ഡിയും ചേര്‍ന്നാണ് റെയ്ഡുകള്‍ നടത്തിവരുന്നത്. പതിമൂന്ന് സംസ്ഥാനത്താണ് റെയ്ഡ് നടക്കുന്നത്. രാജ്യത്തുടനീളമായി നൂറിലേറെ പേരാണ് കസ്റ്റഡിയിലുള്ളത്.

കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ദല്‍ഹി, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ ചില വിവരങ്ങള്‍ ലഭിച്ചെന്നും അവ യോഗത്തില്‍ സമര്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം എന്‍.ഐ.എ മേധാവി ദിന്‍കര്‍ ഗുപ്ത പി.എഫ്.ഐ നിരോധിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാനുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന സൂചനകളും ഇതിന് പിന്നാലെ പുറത്തുവരുന്നുണ്ട്.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദല്‍ഹിയിലെ എന്‍.ഐ.എ ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബീഹാറില്‍ റെയ്ഡ് തുടരുകയാണ്. കസ്റ്റഡിയിലെടുത്ത നേതാക്കളില്‍ നിന്നും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സംഘം കണ്ടെടുത്തിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായിരിക്കുന്നത്. 22 പേരെയാണ് കേരളത്തില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വൈദ്യപരിശോധന നടത്തിവരികയാണ്.

Content Highlight: Raid against Popular Front; Amit Shah evaluated the matter

We use cookies to give you the best possible experience. Learn more