വാര്‍ത്തകള്‍ കണ്ടു; വീട്ടില്‍ ഇതുവരെ റെയ്ഡ് വന്നിട്ടില്ല: സുജിത് ഭക്തന്‍
Kerala News
വാര്‍ത്തകള്‍ കണ്ടു; വീട്ടില്‍ ഇതുവരെ റെയ്ഡ് വന്നിട്ടില്ല: സുജിത് ഭക്തന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2023, 2:26 pm

തിരുവനന്തപുരം: തന്റെ വീട്ടില്‍ ഇതുവരെ റെയ്‌ഡൊന്നും നടന്നിട്ടില്ലെന്ന് സുജിത് ഭക്തന്‍. വ്യാഴാഴ്ച രാവിലെ മുതല്‍ പത്തോളം യൂട്യൂബര്‍മാരുടെ വീട്ടില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്തയില്‍ സുജിത് ഭക്തന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടെന്നും ഇനി വന്നാലും പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘റെയിഡ് സംബന്ധമായ വാര്‍ത്തകള്‍ ടി.വിയില്‍ കണ്ടു. എന്റെ വീട്ടില്‍ ഇതുവരെ റെയിഡ് ഒന്നും വന്നിട്ടില്ല. കഴിഞ്ഞ അഞ്ച് കൊല്ലമായി കൃത്യമായി ഇന്‍കം ടാക്‌സും ജി.എസ്.ടിയും എല്ലാം അടക്കുന്നുണ്ട്. ഇനി വന്നാലും പൂര്‍ണ തോതില്‍ സഹകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനുമാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്,’ സുജിത് ഭക്തന്‍ പറഞ്ഞു.

പേളി മാണി ഉള്‍പ്പെടെയുള്ള കേരളത്തിലെ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും വരുമാനത്തിന് അനുസരിച്ച് നികുതി നല്‍കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

പേളി മാണിക്ക് പുറമെ അര്‍ജു, അണ്‍ബോക്സിങ് ഡ്യൂഡ്, ഫിഷിങ് ഫ്രീക്ക്, എം4ടെക്, അഖില്‍ എന്‍.ആര്‍.ഡി, ജയരാജ് ജി. നാഥ്, കാസ്ട്രോ ഗെയിമിങ്, റെയിസ്റ്റര്‍തുടങ്ങിയ യൂട്യൂബര്‍മാരുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലര്‍ക്കും ഓഫീസുകള്‍ ഇല്ലാത്തതിനാല്‍ അവരുടെ വീടുകളിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്.

രാവിലെ മുതല്‍ ഇവരുടെയെല്ലാം വീടുകളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. പലര്‍ക്കും പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് കോടി രൂപ വരെ യൂട്യൂബ് വഴി വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

അതേസമയം, യൂട്യൂബര്‍മാര്‍ക്ക് എതിരെ നിയമവിരുദ്ധമായി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

content highlights: Raid about sujith bhakthan