ന്യൂദല്‍ഹി: പാര്‍ലമെന്റിന് മുന്‍പില്‍ രാഹുല്‍ ഗാന്ധി വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. സാധ്വി നിരഞ്ജന ജ്യോതിയുടെ രാജി ആവശ്യപ്പെട്ടാണ് രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭക്ക് പുറത്ത് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചത്. പാര്‍ലമെന്റിനകത്ത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികളെ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിവാദ പ്രസ്താവനയുടെ പേരില്‍ ഇരു സഭകളിലും പ്രതിപക്ഷ ബഹളം കാരണം സഭാ നടപടികള്‍ നിറുത്തി വച്ചിരിക്കുകയാണ്
രാവിലെ പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ കറുത്ത ബാന്‍ഡ് ധരിച്ചായിരുന്നു പാര്‍ലമെന്റില്‍ എത്തിയിരുന്നത്. പരാമര്‍ശത്തില്‍ സാധ്വിയുടെ ക്ഷമാപണം കണക്കിലെടുത്ത് വിഷയം അവസാനിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി സഭയില്‍ പ്രതിപക്ഷത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ തൃപ്തരാവാതെയാണ് പ്രതിഷേധം നീട്ടി കൊണ്ട് പോവാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചത്.
അതേ സമയം പാര്‍ലമെന്റ് നടപടികള്‍ പ്രതിപക്ഷം തടസപെടുത്തുന്നു എന്നാരോപിച്ച് ബി.ജെ.പി എം.പി മാരും പ്രതിഷേധം സംഘടിപ്പിച്ചു. ഗാന്ധി പ്രതിമക്ക് മുന്‍പില്‍ “രഘുപതി രാഘവ രാജ റാം” എന്ന ഗാനം പാടിയാണ് ബി.ജെ.പി എം.പിമാര്‍ പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് ഇതുവരെ മുക്തരാവാത്തത് കാരണമാണ് ഇത്തരം കോമാളിത്തരങ്ങള്‍ കാണിക്കുന്നതെന്നാണ് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി പ്രതികരിച്ചത്.