താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന രാഹുല്‍ഗാന്ധിയുടെ വാദം സ്വന്തം കഴിവിലുള്ള വിശ്വാസക്കൂടുതല്‍ കൊണ്ട്: സ്മൃതി ഇറാനി
Daily News
താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന രാഹുല്‍ഗാന്ധിയുടെ വാദം സ്വന്തം കഴിവിലുള്ള വിശ്വാസക്കൂടുതല്‍ കൊണ്ട്: സ്മൃതി ഇറാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2016, 2:29 pm

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെ കുറിച്ച് പാര്‍ലമെന്റില്‍ താന്‍ സംസാരിച്ചാല്‍ വലിയ ഭൂകമ്പമുണ്ടാകുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വാദം സ്വന്തം കഴിവിലുള്ള വിശ്വാസക്കൂടുതല്‍ കൊണ്ടെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി

രാഹുല്‍ഗാന്ധി കരുതുന്നത് സംവാദത്തിനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മികച്ചതാണെന്നാണ്. ആളുകള്‍ക്ക് മുന്നില്‍ സംസാരിക്കുന്നത് എങ്ങനെയാണെന്ന കാര്യം അദ്ദേഹം മനസിലാക്കിയാല്‍ നല്ലതായിരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

സംവാദത്തിനും ചര്‍ച്ചകള്‍ക്കും ഉള്ള ഇടമാണ് പാര്‍ലമെന്റ്. ഞാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഭൂകമ്പമുണ്ടാക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത് തന്നെ നടക്കുന്നുണ്ട്.

മുതിര്‍ന്ന നേതാക്കളും  എന്തിന് രാഷ്ട്രപതി വരെ നോട്ട് അസാധുവാക്കലില്‍ ചര്‍ച്ച നടത്തണമെന്ന് തന്നെയാണ് പറഞ്ഞത്. നോട്ട് അസാധുവാക്കലില്‍ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അതില്‍ നിന്നും ഓടിയൊളിക്കുകയായിരുന്നെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.


ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കല്‍ എന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തി. അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ ഒരു തരത്തിലും അവകാശമുള്ളപാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് അഴിമതി പുറത്തുവരാതിരിക്കാനാണെന്നുമായിരുന്നു രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍.


ഭയത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ നിന്നും മോദി ഒളിച്ചോടുന്നത്. മോദി അഴിമതി നടത്തിയതിന്റെ കൃതമായ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. താന്‍ സഭയില്‍ സംസാരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി ഒരുപോലെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ എനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

നോട്ട് നിരോധനവിഷയത്തില്‍ താന്‍ സഭയില്‍ സംസാരിച്ചാല്‍ അത് വലിയ ഭൂകമ്പമുണ്ടാക്കുമെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദി അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന്് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്.