ന്യൂദല്‍ഹി: കൊവിഡ് 19ന്റെയും അത് മൂലമുണ്ടാകുന്ന വിപണി ഇടിവിനെയും പ്രതിരോധിക്കാന്‍ അവശ്യ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണി ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയും കനത്ത നഷ്ടത്തിലാണ്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ നിഷ്‌ക്രിയമായി തുടരുകയാണെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്രം ഈ ബോധക്കേട് തുടരുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ദിവസങ്ങള്‍ക്ക് മുമ്പുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് വീണ്ടും ഷെയര്‍ ചെയ്താണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതും കടുത്ത നഷ്ടത്തിലാണ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും ഏറ്റവും വലിയ ഒറ്റദിന നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബി.എസ്.ഇയില്‍ 1400 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.