രാഹുല്‍ഗാന്ധിക്ക് സഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല : ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു
Daily News
രാഹുല്‍ഗാന്ധിക്ക് സഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല : ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th December 2016, 1:58 pm

rahulfb12

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന പറഞ്ഞ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇന്നും സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല.

രാഹുല്‍ സംസാരിക്കും മുമ്പേ ഭരണപക്ഷ അംഗങ്ങള്‍ ബഹളമാരംഭിച്ചു. രാജ്യസഭയിലും ഭരണപക്ഷം ബഹളം വെച്ചു. അഴിമതി ആരോപണത്തില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് സഭാ നടപടികള്‍ തുടങ്ങിയത് തന്നെ.

ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ ഇരുസഭകളും നിര്‍ത്തിവെച്ചു. സഭ പിന്നീട് ചേര്‍ന്നപ്പോള്‍ നോട്ടുനിരോധനത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഇതോടെ വീണ്ടും സഭ പ്രക്ഷുബ്ധമായി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. താന്‍ ഇക്കാര്യം പറയുമെന്ന് അറിയുന്നതുകൊണ്ടാണ് തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ പറഞ്ഞിരുന്നു.


അഴിമതികളുടെ വിവരങ്ങള്‍ ലോക്സഭയില്‍ വെക്കാന്‍ തയ്യാറാണെന്ന രാഹുലിന്റെ പ്രസ്താവന കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു.

നോട്ട് നിരോധനത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ സഭയില്‍ സംസാരിച്ചിട്ടില്ല. ഇതിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തുന്നത്.

ജനം ദുരിതം അനുഭവിക്കുമ്പോള്‍ പ്രധാനമന്ത്രി ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആരോപിച്ചു.

വെള്ളിയാഴ്ച്ചയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്. സമ്മേളനം ആരംഭിച്ചത് മുതല്‍ നോട്ടുനിരോധനത്തെ ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളമാണ്.  പ്രധാന ബില്ലുകളൊന്നും ഇത്തവണ പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല.