രാഹുല്‍ പ്രതിപക്ഷത്തെ നയിക്കും; പ്രമേയം പാസാക്കി കോണ്‍ഗ്രസ്
national news
രാഹുല്‍ പ്രതിപക്ഷത്തെ നയിക്കും; പ്രമേയം പാസാക്കി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2024, 3:40 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കും. പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലുമായിരുന്നു രാഹുല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എം.പിയായി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണെന്ന് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ നേരിട്ട തിരിച്ചടിയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും പാര്‍ട്ടി തീരുമാനിച്ചു. രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതില്‍ വൈകാതെ തീരുമാനം വരുമെന്നാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്.

വയനാട് മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല്‍ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തില്‍ നിന്ന് തന്നെ ഒരാള്‍ മത്സരിക്കുമെന്നാണ് സൂചന.

വയനാട്ടില്‍ രാഹുല്‍ മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വയനാട്ടിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് രാഹുലിന്റേത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും അദ്ദേഹം വിജയിച്ചു.

Content Highlight: Rahul will be the leader of the opposition