ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകനെതിരെ താനൊന്നും മിണ്ടില്ല, മിണ്ടാന്‍ ആരേയും അനുവദിക്കുകയുമില്ല എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് രാഹുലിന്റെ പരിഹാസം. ജയ് ഷാക്കെതിരായ വാര്‍ത്ത കൊടുക്കുന്നതില്‍ നിന്ന് ദ വയറിനെ വിലക്കിയ കോടതി നടപടിയെക്കൂടി പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്
“സുഹൃത്തുക്കളെ ഷാ രാജകുമാരനെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല, പറയാന്‍ ആരേയും അനുവദിക്കുകയുമില്ല”
ഹിന്ദിയിലാണ് രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ട്വീറ്റുകളിലെ സ്ഥിരം വാചകമായ മിത്രോം (സുഹൃത്തുക്കളെ) ഉപയോഗിച്ചാണ് രാഹുലിന്റെ പരിഹാസമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം രാഹുലിന്റെ കൊലവെറി ട്വീറ്റ് വൈറലായിരുന്നു.
ജയ് ഷാക്കെതിരായ വാര്‍ത്ത കൊടുക്കുന്നത് വിലക്കിയ കോടതി ഉത്തരവിനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ന്യൂസ് സ്‌റ്റോറിയും ചേര്‍ത്തുവെച്ചാണ് രാഹുലിന്റെ ഇത്തവണത്തെ ട്വീറ്റ്.
നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വര്‍ധിച്ചതായുള്ള വാര്‍ത്ത് ഓണ്‍ലൈന്‍ പോര്‍ട്ടായ ദ വയറാണ് പുറത്തുവിട്ടത്. അമിത് ഷായുടെ മകനു വേണ്ടി സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹാജരായത് വന്‍ വിമര്‍ശനത്തിനു വഴി വെച്ചിരുന്നു.