ന്യൂദല്‍ഹി: കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി മാനസസരോവര്‍ തടാകത്തിലെത്തിയപ്പോഴും രാഷ്ട്രീയ എതിരാളികളെ ട്രോളിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശാന്തമായി കിടക്കുന്ന തടാകത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത രാഹുല്‍ ഗാന്ധി “ഇവിടെ വെറുപ്പില്ല” എന്ന് ചിത്രത്തിനൊപ്പം ചേര്‍ക്കുകയായിരുന്നു.
മാനസസരോവര്‍ തടാകത്തിലെ ജലം സൗമ്യവും പ്രസന്നവും ശാന്തവുമായിരിക്കുന്നു. അത് എല്ലാം നല്‍കുന്നു, ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ആര്‍ക്കും അതില്‍നിന്ന് കോരിക്കുടിക്കാം. ഇവിടെ വെറുപ്പില്ല. അതുകൊണ്ടാണ് ഇന്ത്യയില്‍ ജലത്തെ ആരാധിക്കുന്നത്.- രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
കൈലാസത്തിലേക്ക് ഒരാള്‍ക്ക് പോകാനാകുന്നത് അവിടം വിളിക്കുമ്പോഴാണ്. ഈ മനോഹരമായ യാത്രയില്‍ ഞാന്‍ കാണുന്നത് നിങ്ങളുമൊത്ത് പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്.
ALSO READ: പുതിയ പാകിസ്താന്റെ പ്രസിഡന്റിന് ജവഹര്‍ലാല്‍ നെഹ്‌റുവുമായൊരു ബന്ധം പറയാനുണ്ട്
അതേസമയം രാഹുല്‍ ഗാന്ധിയുടെ എന്ന പരാമര്‍ശം വിവാദമാക്കാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായി ബിജെപി വക്താവ് അമിത് മാളവ്യയാണ് രംഗത്ത് വന്നത്. ഭഗവാന്‍ ശിവനെ തെറ്റായി പരാമര്‍ശിച്ചന്നാണ് അമിത് മാളവ്യയുടെ ആരോപണം. ട്രക്കിങ് എന്ന ഉദ്ദേശത്തിന് വേണ്ടി മാത്രമാണ് രാഹുല്‍ ഗാന്ധി കൈലാസയാത്ര നടത്തുന്നതെന്നും അത് തീര്‍ത്ഥാടനത്തിന്റെ സാംസ്‌കാരികവും മതപരവുമായ പ്രത്യേകതകളെ അവഹേളിക്കുന്നതാണെന്നാണ് അമിത് മാളവ്യ ആരോപിച്ചത്.
രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് പല വിവാദവും മുമ്പും ഉയര്‍ന്നിരുന്നു. ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപിണം.
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് മാനസരോവറിലേക്ക് തീര്‍ത്ഥയാത്ര നടത്താന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. ദല്‍ഹിയില്‍ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള വിമാനയാത്രക്കിടെ മരണത്തെ മുഖാമുഖം കണ്ട നിമിഷം മാനസരോവറിലേക്ക് യാത്ര പോകണമെന്ന് തീരുമാനിച്ചതായും രാഹുല്‍ പറഞ്ഞിരുന്നു. അതാണ് അഞ്ച് മാസങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് അധ്യക്ഷന്‍ നിറവേറ്റുന്നത്.12 ദിവസത്തെ യാത്രയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റേത്. 60 കിലോമീറ്റര്‍ ദൂരം കാല്‍നടയായി പോകാനാണ് രാഹുല്‍ ഗാന്ധി പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം.