ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ അവസാന മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയണ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ബംഗ്ലാദേശ് നായകന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്.
കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനായി മിര്‍പൂരലിറങ്ങിയത്. കെ.എല്‍. രാഹുലാണ് ഡെഡ് റബ്ബര്‍ മാച്ചില്‍ ഇന്ത്യയെ നയിക്കുന്നത്.
ഓപ്പണര്‍ ശിഖര്‍ ധവാനെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യക്ക് കാലിടറുമെന്ന് തോന്നിച്ചെങ്കിലും മറുവശത്ത് ഇഷാന്‍ കിഷന്‍ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ചാണ് ഇഷാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും സെഞ്ച്വറി തികച്ച വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. 131 പന്തില്‍ നിന്നും 24 ബൗണ്ടറിയുടെയും പത്ത് സിക്‌സറിന്റെയും അകമ്പടിയോടെയാണ് കിഷന്‍ റണ്ണടിച്ചുകൂട്ടിയത്.
160.31 എന്ന സ്‌ട്രൈക്ക് റേറ്റിലായരുന്നു ഇഷാന്റെ വെടിക്കെട്ട്.
മൂന്നാമനായി കളത്തിലെത്തിയ വിരാട് കോഹ്‌ലിയും ഒട്ടും നിരാശപ്പെടുത്തിയില്ല. തന്റെ കരിയറിലെ 72ാം സെഞ്ച്വറി നേടിയാണ് വിരാട് കരുത്ത് കാട്ടിയത്.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്ണടിച്ചുകൂട്ടുമ്പോഴും റെക്കോഡുകള്‍ സ്വന്തമാക്കുമ്പോഴും മൂന്നാം മത്സരത്തിലെ ടീം സെലക്ഷനിലും ആരാധകര്‍ തൃപ്തരല്ല. ഈ പരമ്പരയിലും രാഹുല്‍ ത്രിപാഠിക്ക് അവസരം ലഭിക്കാതെ വന്നതോടെയാണ് ആരാധകര്‍ ഒരിക്കല്‍ക്കൂടി നിരാശരായിരിക്കുന്നത്.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മിന്നും താരമായ രാഹുല്‍ ത്രിപാഠിക്ക് ഈ പരമ്പരയിലും ബെഞ്ചില്‍ തന്നെയായിരുന്നു സ്ഥാനം.
ഇന്ത്യയുടെ പല സ്‌ക്വാഡിലും ഇടം നേടുമ്പോഴും പ്ലെയിങ് ഇലവന്‍ എപ്പോഴും ത്രിപാഠിക്ക് അന്യമായിരുന്നു.
ഒക്ടോബറില്‍ നടന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലും ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലും അയര്‍ലന്‍ഡ് പര്യടനത്തിലും തുടങ്ങി പല പരമ്പരകള്‍ക്കുമുള്ള സ്‌ക്വാഡില്‍ ഇടം നേടുമ്പോഴും താരത്തിന് കളിക്കാന്‍ മാത്രം അവസരം ലഭിച്ചിരുന്നില്ല.
നിലവില്‍ 31 വയസുകാരനായ താരത്തെ ബി.സി.സി.ഐ ഇനിയും പരിഗണിക്കാത്തതെന്താണെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. 2022 ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരമായിട്ടുപോലും ഇന്ത്യന്‍ ജേഴ്സിയില്‍ താരത്തിന് ഇതുവരെ ഒരു ടി-20 മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല.
ഐ.പി.എല്ലിലെ 14 മത്സരങ്ങളില്‍ നിന്നും 37.55 ശരാശരിയില്‍ 413 റണ്‍സാണ് നേടിയത്. 158.24 ആണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്.
ത്രിപാഠിക്ക് ശേഷം വന്നവരില്‍ പലരും ടീമിനായി തങ്ങളുടെ അരങ്ങേറ്റ മത്സരം കളിച്ചപ്പോള്‍ ഇന്ത്യയുടെ കരിനീല ജേഴ്‌സി ഇപ്പോഴും താരത്തിന് അന്യമായി തുടരുകയാണ്.