| Sunday, 4th December 2022, 12:03 pm

'ഇവനാണോ ഇന്ത്യയുടെ പുതിയ സഞ്ജു സാംസണ്‍?'; വീണ്ടും ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ഇലവന്റെ പ്രധാന ആകര്‍ഷണം യുവതാരം കുല്‍ദീപ് സെന്നാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ബൗളര്‍മാരില്‍ ഒരാളായ കുല്‍ദീപ് സെന്നിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.

എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മിന്നും താരമായ രാഹുല്‍ ത്രിപാഠിക്കാണ് ഈ മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വന്നത്.

ഇന്ത്യയുടെ പല സ്‌ക്വാഡിലും ഇടം നേടുമ്പോഴും പ്ലെയിങ് ഇലവന്‍ എപ്പോഴും ത്രിപാഠിക്ക് അന്യമായിരുന്നു.

ഒക്ടോബറില്‍ നടന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലും ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലും അയര്‍ലന്‍ഡ് പര്യടനത്തിലും തുടങ്ങി പല പരമ്പരകള്‍ക്കുമുള്ള സ്‌ക്വാഡില്‍ ഇടം നേടുമ്പോഴും താരത്തിന് കളിക്കാന്‍ മാത്രം അവസരം ലഭിച്ചിരുന്നില്ല.

നിലവില്‍ 31 വയസുകാരനായ താരത്തെ ബി.സി.സി.ഐ ഇനിയും പരിഗണിക്കാത്തതെന്താണെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. 2022 ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരമായിട്ടുപോലും ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന് ഇതുവരെ ഒരു ടി-20 മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ത്രിപാഠി 14 മത്സരങ്ങളില്‍ നിന്നും 37.55 ശരാശരിയില്‍ 413 റണ്‍സാണ് നേടിയത്. 158.24 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

വരും മത്സരങ്ങളിലെങ്കിലും താരത്തിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. നിലവില്‍ അഞ്ച് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് സെന്‍.

ബംഗ്ലാദേശ് ഇലവന്‍

ലിട്ടണ്‍ ദാസ്, അനാമുല്‍ ഹഖ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹ്മദുള്ള, ആഫിഫ് ഹുസൈന്‍, മെഹിദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, എദാബോത് ഹുസൈന്‍.

Content Highlight: Rahul Tripathi did not make it to the first match of the India-Bangladesh series

We use cookies to give you the best possible experience. Learn more