| Wednesday, 22nd May 2024, 2:23 pm

ഫിഫ്റ്റിയടിച്ചു, പക്ഷെ പൊട്ടിക്കരയാനാണ് അവന്റെ വിധി; നിര്‍ണായക മത്സരത്തിലെ റണ്‍ ഔട്ട് എല്ലാം മാറ്റി മറിച്ചു!

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ പ്ലേയോഫില്‍ ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159 റണ്‍സിന് തകരുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ 164 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഹൈദരാബാദിന് വേണ്ടി രാഹുല്‍ ത്രിപാതി 35ല്‍ നിന്ന് 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി ഒരു റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്. 13ാം ഓവറില്‍ നരെയ്ന്‍ എറിഞ്ഞ പന്തില്‍ ഒരു കട്ട് ഷോട്ട് കളിച്ച അബ്ദുള്‍ സമദ് സിംഗിളാിനായി ആദ്യം ഓടിയപ്പോള്‍ റസല്‍ വിദഗ്ദമായി പന്ത് കീപ്പര്‍ക്ക് എറിഞ്ഞു കൊടുത്തപ്പോഴായിരുന്നു ത്രിപാതി പുറത്തായത്.

എന്നാല്‍ മികച്ച ഫോമിലുണ്ടായിരുന്ന താരത്തിന്റെ വിക്കറ്റ് നഷ്ടപ്പെട്ടശേഷമുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഒരു പക്ഷെ ടീമിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിക്കാന്‍ കഴിയുമായിരുന്ന ത്രിപാതി ഡ്രസിങ് റൂമിലേക്ക് പോകുന്ന സ്‌റ്റെപ്പിന് മുകളിലിരുന്ന് കരയുന്നതാണ് വീഡിയായില്‍ ഉള്ളത്.

ത്രിപാതിക് പുറമെ ഹെന്റിച്ച് ക്ലാസ് 21 പന്തില്‍ 32 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 24 പന്തില്‍ 30 റണ്‍സിന് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹൈദരാബാദ് ബൗളിങ്ങില്‍ ടി. നടരാജന്‍ കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വെങ്കിടേഷ് അയ്യരുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലാണ് കൊല്‍ക്കത്ത വിജയം അനായാസം ആക്കിയത്.

28 പന്തില്‍ നിന്ന് നാല് സിക്സറും അഞ്ച് ഫോറും അടക്കം 51 റണ്‍സ് ആണ് വെങ്കി നേടിയത്. ശ്രേയസ്സും 5 ഫോറും സിക്സും അടക്കം 58 റണ്‍സാണ് പുറത്താകാതെ താരം നേടിയത്. ഇരുവര്‍ക്കും പുറമേ സുനില്‍ നരെയ്ന്‍ നാലു ഫോര്‍ ഉള്‍പ്പെടെ 16 പന്തില്‍ 21 റണ്‍സ് നേടി തുടക്കം കുറിച്ചപ്പോള്‍ റഹ്‌മാനുള്ള ഗുര്‍ബസ് 14 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറും നേടി 23 റണ്‍സ് അടിച്ചു.

ഇന്ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഹൈദരാബാദിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ട്. ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായകമായ മത്സരമാണിത്.

Content Highlight: Rahul Tripathi Crying After Run Out

We use cookies to give you the best possible experience. Learn more