national news
പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് തിരിച്ച് വരാന്‍ രാഹുല്‍; നോമിനേറ്റ് ചെയ്തു
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു. ലോക്‌സഭാംഗത്വം തിരികെ ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിരോധത്തിനുള്ള സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്.
കോണ്‍ഗ്രസ് എം.പി അമര്‍ സിങ്ങാണ് രാഹുല്‍ ഗാന്ധിയെ നോമിനേറ്റ് ചെയ്തതെന്ന് ലോക്‌സഭ ബുള്ളറ്റിന്‍ കഴിഞ്ഞ ദിവസം അറിയിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം.പി സുശില്‍ കുമാര്‍ റിങ്കുവിനെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവയുടെ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ നടന്ന ജലന്ധര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച റിങ്കു ആം ആദ്മി പാര്‍ട്ടിയുടെ ഏക ലോക്‌സഭ എം.പിയാണ്.
അടുത്തിടെ എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ട ലക്ഷ്വദ്വീപ് എം.പി ഫൈസല്‍ പി.പി മുഹമ്മദിനെ ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയുടെ കമ്മിറ്റിയിലേക്കും നാമനിര്‍ദേശം ചെയ്തു.
അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധി പ്രതിരോധത്തിനുള്ള പാര്‍ലമെന്ററി പാനലില്‍ അംഗമായിരുന്നു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ശിക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.
എന്നാല്‍ ഓഗസ്റ്റ് നാലിന് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതോടെ ഓഗസ്റ്റ് ഏഴിന് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം ലോക്‌സഭ സെക്രട്ടറിയേറ്റ് പുനസ്ഥാപിക്കുകയായിരുന്നു.
134 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം തിരിച്ച് ലഭിച്ചത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.
കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു.
content highlights: Rahul to return to Parliamentary Standing Committee; Nominated