| Thursday, 5th January 2023, 9:09 pm

വാട്ട് എ ക്യാച്ച്!! അരങ്ങേറ്റം ഗംഭീരമാക്കി 'ലോക്കല്‍ ബോയ്'; നിസങ്കയെ പുറത്താക്കിയ ത്രിപാഠിയുടെ തകര്‍പ്പന്‍ ക്യാച്ച്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. നിശ്ചിത ഓവറില്‍ അറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് ലങ്ക നേടിയിരിക്കുന്നത്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഐ.പി.എല്ലിലെ മിന്നും താരം രാഹുല്‍ ത്രിപാഠി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം നടത്തിയിരുന്നു. അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയാണ് ത്രിപാഠി കയ്യടി നേടിയത്. ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് താരം ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

ഓപ്പണര്‍ പാതും നിസങ്കയെ തന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയാണ് ത്രിപാഠി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ വരവറിയിച്ചിരിക്കുന്നത്. അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ നിസങ്കയെ ബൗണ്ടറിക്ക് സമീപത്ത് നിന്നും മികച്ച ഒരു ക്യാച്ചിലൂടെ താരം പുറത്താക്കുകയായിരുന്നു. 35 പന്തില്‍ നിന്നും 33 റണ്‍സ് നേടി നില്‍ക്കവെയാണ് നിസങ്ക പുറത്തായത്.

(ക്യാച്ചിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ലങ്കക്കായി ഓപ്പണര്‍മാര്‍ ആഞ്ഞടിച്ചിരുന്നു. നിസങ്ക 33 റണ്‍സിന് പുറത്തായപ്പോള്‍ കുശാല്‍ മെന്‍ഡിസ് അര്‍ധ സെഞ്ച്വറി തികച്ചു.

19 പന്തില്‍ നിന്നും 37 റണ്‍സ് നേടിയ ചരിത് അസലങ്കയും 22 പന്തില്‍ നിന്നും പുറത്താവാതെ 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുമാണ് ലങ്കക്കായി തിളങ്ങിയത്. ഇവരുടെ ബാറ്റിങ് മികവിലാണ് ലങ്ക 206ലേക്കുയര്‍ന്നത്.

കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ശിവം മാവി രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തി. നാല് ഓവറില്‍ നിന്നും വിക്കറ്റൊന്നും നേടാതെ 53 റണ്‍സാണ് താരം വഴങ്ങിയത്. 13.25 ആണ് താരത്തിന്റെ എക്കോണമി.

സൂപ്പര്‍ താരം അര്‍ഷ്ദീപും പാടെ നിരാശപ്പെടുത്തി. വെറും രണ്ട് ഓവര്‍ മാത്രം പന്തെറിഞ്ഞ് 37 റണ്‍സാണ് താരം വഴങ്ങിയത്. തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് നോ ബോളും എറിഞ്ഞ് മോശം റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ നിരയില്‍ ഉമ്രാന്‍ മാലിക്കും യൂസ്വേന്ദ്ര ചഹലും അക്‌സര്‍ പട്ടേലുമാണ് വിക്കറ്റ് വീഴ്ത്തിയത്. അക്‌സറും ചഹലുമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

Content highlight: Rahul Thripathi’s incredible catch

We use cookies to give you the best possible experience. Learn more