| Saturday, 7th January 2023, 9:00 pm

ടീമിന് വേണ്ടത് ഇംപാക്ട്, അവന്റെ മാസ്റ്റര്‍പീസ് ഐറ്റവും ഇംപാക്ട്; കളങ്കം തീര്‍ത്ത് ത്രിപാഠി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ ഒരു താരത്തിന്റെ ഇന്നിങ്‌സ് ടീമിനുണ്ടാക്കേണ്ട ഇംപാക്ട് ചെറുതല്ല. കുറേയേറെ പന്തുകള്‍ നേരിട്ട് ഹാഫ് സെഞ്ച്വറിയോ സെഞ്ച്വറിയോ തികയ്ക്കുന്നതിനേക്കാള്‍ എത്രയോ മികച്ചതാണ് കുറഞ്ഞ പന്തില്‍ സ്വന്തമാക്കുന്ന മുപ്പതോ നാല്‍പ്പതോ റണ്ണുകള്‍. ടി-20യുടെ അടിസ്ഥാനം ഇത്തരത്തിലുള്ള ആക്രമണോത്സുക ബാറ്റിങ് തന്നെയാണ്.

തന്റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര മത്സരത്തില്‍ അത്തരത്തിലുള്ള ഇംപാക്ട് പുറത്തെടുത്തിരിക്കുകയാണ് ഐ.പി.എല്‍ സെന്‍സേഷന്‍ രാഹുല്‍ ത്രിപാഠി. ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ അവസാന മത്സരത്തിലാണ് ത്രിപാഠി തന്റെ മാസ്റ്റര്‍പീസ് ഹാര്‍ഡ് ഹിറ്റിങ് പുറത്തെടുത്തത്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ ത്രിപാഠിക്ക് എന്നാല്‍ ആ കളിയില്‍ ബാറ്റിങ്ങില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ആ കളങ്കം താരം മാറ്റിയെടുത്തിരിക്കുകയാണ്.

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 16 പന്തില്‍ നിന്നും 35 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ത്രിപാഠിയുടെ കലക്കന്‍ ഇന്നിങ്‌സ്. 218.75 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.

ഒടുവില്‍ ചമീക കരുണരത്‌നെയുടെ പന്തില്‍ ദില്‍ഷന്‍ മധുശങ്കക്ക് ക്യാച്ച് നല്‍കിയായിരുന്നു ത്രിപാഠിയുടെ മടക്കം.

ത്രിപാഠിക്കൊപ്പം ശുഭ്മന്‍ ഗില്ലും ആരാധകരുടെ പരാതി തീര്‍ത്തിരുന്നു. ആദ്യ രണ്ട് മത്സരത്തിലും സമ്പൂര്‍ണ പരാജയമായ ഗില്ലും തകര്‍ത്തടിച്ചു. 36 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമുള്‍പ്പെടെ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇവര്‍ക്ക് പുറമെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ അസാധ്യ വെടിക്കെട്ട് തന്നെയാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. 2023ലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ച്വറി നേടിക്കൊണ്ടാണ് സ്‌കൈ തരംഗമായത്.

45 പന്തില്‍ നിന്നും നൂറ് റണ്‍സ് തികച്ച സ്‌കൈ ഒടുവില്‍ 51 പന്തില്‍ നിന്നും 112 റണ്‍സ് നേടിയാണ് കളം വിട്ടത്. ഏഴ് ബൗണ്ടറിയും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. 219.61 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്.

മധ്യനിരയിലെ വിശ്വസ്ഥന്‍ അക്‌സര്‍ പട്ടേലും മോശമാക്കിയില്ല. കിട്ടിയ ഒമ്പത് പന്തില്‍ നിന്നും 233.33 സ്‌ട്രൈക്ക് റേറ്റില്‍ നിന്നും 21 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവര്‍ പിന്നിടുമ്പോള്‍ 228 റണ്‍സിന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം എന്നതിനാല്‍ ശ്രീലങ്കയും ബാറ്റിങ്ങില്‍ മോശമാക്കില്ല എന്നുറപ്പാണ്. 2023ലെ ആദ്യ പരമ്പര വിജയം തന്നെയാണ് ഇരു ടീമും ലക്ഷ്യം വെക്കുന്നത്.

Content Highlight: Rahul Thripathi’s brilliant batting in India vs Sri Lanka 3rd T20

We use cookies to give you the best possible experience. Learn more