| Wednesday, 1st February 2023, 8:08 pm

ഏറെ പ്രതീക്ഷ നല്‍കി, ഒടുവില്‍ കൊതിപ്പിച്ചു കടന്നുകളഞ്ഞ് ത്രിപാഠി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20 മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കവെ ഓപ്പണര്‍ ഇഷാന്‍ കിഷനെ ഇന്ത്യക്ക് നഷ്ടമായി. മൂന്ന് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം നേടിയാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്.

വണ്‍ ഡൗണ്‍ ബാറ്ററായെത്തിയത് രാഹുല്‍ ത്രിപാഠിയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും താളം കണ്ടെത്താന്‍ രാഹുലിന് സാധിച്ചിരുന്നില്ല. മൂന്നാം മത്സരത്തിലും അതുതന്നെ ആവര്‍ത്തിക്കുമെന്നായിരുന്നു താരത്തിന്റെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ആരാധകര്‍ കരുതിയത്.

നിര്‍ണായകമായ മത്സരത്തില്‍ വണ്‍ ഡേ ഫോര്‍മാറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. നേരിട്ട ആദ്യ പത്ത് പന്തില്‍ നേടിയത് വെറും ഒമ്പത് റണ്‍സ്. എന്നാല്‍ ഐ.പി.എല്ലിലെ ത്രിപാഠിയെയായിരുന്നു നരേന്ദ്ര മോദി സ്‌റ്റേഡിയം പിന്നീട് കണ്ടത്.

ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലി റണ്‍സ് ഉയര്‍ത്തിയ തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറിയുടെ പ്രതീതി ത്രിപാഠി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആ നേട്ടം ബാക്കിയാക്കി ഇഷ് സോധിക്ക് വിക്കറ്റ് നല്‍കി ത്രിപാഠി മടങ്ങുകയായിരുന്നു.

22 പന്തില്‍ നിന്നും 44 റണ്‍സാണ് ത്രിപാഠി നേടിയത്. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറുമാണ് ത്രിപാഠി സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടക്കുമ്പോള്‍ ഇന്ത്യ ആകെ നേടിയ മൂന്ന് സിക്‌സറില്‍ മൂന്നും നേടിയത് ത്രിപാഠി തന്നെയായിരുന്നു.

നേരിട്ട ആദ്യ പത്ത് പന്തില്‍ വെറും ഒമ്പത് റണ്‍സ് മാത്രം നേടിയ ത്രിപാഠി, എന്നാല്‍ അതിന് ശേഷം നേരിട്ട 12 പന്തില്‍ നിന്നും 291.66 സ്‌ട്രൈക്ക് റേറ്റില്‍ 35 റണ്‍സാണ് അടിച്ചുകൂട്ടിയത്.

അതേസമയം, 12 ഓവര്‍ പിന്നിടുമ്പോള്‍ 118 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ച്വറി തികച്ച ശുഭ്മന്‍ ഗില്ലും 12 പന്തില്‍ നിന്നും 24 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ശിവം മാവി, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

ന്യൂസിലാന്‍ഡ് ഇലവന്‍

ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മിക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലയര്‍ ടിക്‌നര്‍, ബെഞ്ചമിന്‍ ലിസ്റ്റര്‍.

Content Highlight: Rahul Thripathi’s batting perfomance in India vs New Zealand 3rd t20

We use cookies to give you the best possible experience. Learn more