ഇരട്ട സെഞ്ച്വറി കുത്തകയാക്കിയ ഇന്ത്യയ്ക്കിതാ 360 ഡിഗ്രിയും കുത്തകയാക്കാന്‍ പോന്ന ഒരു മുതല്‍
Sports News
ഇരട്ട സെഞ്ച്വറി കുത്തകയാക്കിയ ഇന്ത്യയ്ക്കിതാ 360 ഡിഗ്രിയും കുത്തകയാക്കാന്‍ പോന്ന ഒരു മുതല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd February 2023, 6:01 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ടി-20 ഫോര്‍മാറ്റിലെ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പിറന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഇഷാന്‍ കിഷന്‍ എന്നത്തേയും പോലെ ഒരിക്കല്‍ക്കൂടി തുടക്കത്തിലേ നിരാശപ്പെടുത്തി. ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇഷാന് ടി-20 ഫോര്‍മാറ്റ് ഇപ്പോഴും ബാലികേറാ മലയായി തുടരുകയാണ്. നേരിട്ട മൂന്ന് പന്തില്‍ നിന്നും ഒറ്റ റണ്‍ മാത്രം നേടിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്.

വണ്‍ ഡൗണ്‍ ബാറ്ററായി കളത്തിലെത്തിയത് രാഹുല്‍ ത്രിപാഠിയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതെ പോയ ത്രിപാഠിയില്‍ നിന്നും ആരാധകര്‍ കാര്യമായി തന്നെ പ്രതീക്ഷകള്‍ വെച്ചിരുന്നു.

എന്നാല്‍ താരത്തിന്റെ ഇന്നിങ്‌സിന്റെ തുടക്കത്തിലെ മെല്ലെ പോക്ക് കണ്ടപ്പോള്‍ ആരാധകരും പ്രതീക്ഷ കൈവിട്ടിരുന്നു. ആദ്യ പത്ത് പന്തില്‍ വെറും 90 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ത്രിപാഠി നേടിയത്.

എന്നാല്‍ തുടര്‍ന്ന് കളിച്ച ഓരോ പന്തിലും സണ്‍റൈസേഴ്‌സിന് വേണ്ടി ഐ.പി.എല്ലില്‍ റണ്ണടിച്ചുകൂട്ടിയ ടി-20 സ്‌പെഷ്യലിസ്റ്റ് രാഹുല്‍ ത്രിപാഠിയെയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ജനസാഗരം കണ്ടത്.

ഇതിന് ശേഷം ത്രിപാഠി കളിച്ചത് 12 പന്തുകള്‍ മാത്രമാണ്, ഇതില്‍ സ്വന്തമാക്കിയതാകട്ടെ 35 റണ്‍സും. സ്‌ട്രൈക്ക് റേറ്റ് ഏതാണ് മുന്നൂറിനോടടുത്ത്.

ബൗണ്ടറികളും സിക്‌സറുകളുമായി ത്രിപാഠി കിവീസ് ബൗളര്‍മാരെ ആക്രമിച്ചു കളിച്ചു. എ.ബി. ഡി വില്ലിയേഴ്‌സിനെ പോലെ, സൂര്യകുമാര്‍ യാദവിനെ പോലെ ഗ്രൗണ്ടിന്റെ ഓരോ കോണിലേക്കും ത്രിപാഠി ഷോട്ടുകള്‍ പായിച്ചു, ഓരോ ഷോട്ടുകളും റണ്ണുകളാക്കി മാറ്റി.

സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന പ്യുവര്‍ ടി-20 സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരിക്കും താനെന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു ത്രിപാഠിയുടെ ഓരോ ഷോട്ടുകളും. സ്‌കൈക്ക് ഒപ്പം തന്നെ 360 ഡിഗ്രി കളിക്കാന്‍ തനിക്കാകുമെന്നും ഓരോ ഷോട്ടിലൂടെയും സണ്‍റൈസേഴ്‌സിന്റെ വമ്പനടി വീരന്‍ വ്യക്തമാക്കുകയായിരുന്നു.

 

തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി പ്രതീതി സൃഷ്ടിച്ചതിന് ശേഷമായിരുന്നു ത്രിപാഠിയുടെ പുറത്താകല്‍. 22 പന്തില്‍ നിന്നും 200 സ്‌ട്രൈക്ക് റേറ്റില്‍ 44 റണ്‍സാണ് താരം നേടിയത്.

ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപത്ത് ഇഷ് സോധിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ദുഖം നിറഞ്ഞുനിന്നത് ത്രിപാഠിയുടെ മുഖത്ത് മാത്രമായിരുന്നില്ല. മത്സരം ലൈവ് കണ്ട ഓരോ ക്രിക്കറ്റ് ആരാധകനും അവന്റെ അര്‍ധ സെഞ്ച്വറി നേട്ടം അത്രത്തോളം ആഗ്രഹിച്ചിരുന്നു.

കുറച്ചു കാലത്തേക്കെങ്കിലും ടി-20യില്‍ മികച്ച വണ്‍ ഡൗണ്‍ ബാറ്ററുടെ കുറവ് നികത്താന്‍ ത്രിപാഠിക്ക് സാധിക്കുമെന്നുറപ്പാണ്. നിലവില്‍ 32 വയസുള്ള ത്രിപാഠിയെ പ്രായം തളര്‍ത്താതിരുന്നാല്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്നത് മൂന്നാം നമ്പറില്‍ മറ്റൊരു ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്ററുടെ സേവനം തന്നെയായിരിക്കും.

 

 

Content highlight: Rahul Thripathi’s 360 degree batting in India vs New Zealand 3rd T20