| Friday, 6th January 2023, 4:22 pm

ദ്രാവിഡിനും സച്ചിനും ശേഷം ആ റെക്കോഡ് രാഹുല്‍ ത്രിപാഠിയുടെ പേരില്‍; ലെജന്‍ഡ്‌സിനൊപ്പം റെക്കോഡുമായി അരങ്ങേറ്റം

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചിരുന്നു. 16 റണ്‍സിനായിരുന്നു ലങ്കയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം 1-1ന് ഒപ്പമെത്താനും ലങ്കന്‍ സിംഹങ്ങള്‍ക്കായി.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൂപ്പര്‍ താരം രാഹുല്‍ ത്രിപാഠിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റത്തിനായിരുന്നു പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിരവധി സ്‌ക്വാഡുകളുടെ ഭാഗമായെങ്കിലും സ്ഥിരമായി ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട ത്രിപാഠിയുടെ അരങ്ങേറ്റം ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ മികച്ച മൊമെന്റുകളിലൊന്നായി മാറി.

ഐ.പി.എല്ലില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം തന്റെ അരങ്ങേറ്റ മത്സരത്തില്‍ കാഴ്ചവെക്കാന്‍ സാധിക്കാതെ പോയെങ്കിലും ഫീല്‍ഡിങ്ങില്‍ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ചടക്കം ത്രിപാഠി നിരവധി തവണ ആരാധകരുടെ കയ്യടി നേടി.

ഇന്ത്യന്‍ ക്യാപ് അണിഞ്ഞതിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റില്‍ കൂടിയാണ് ത്രിപാഠി ഇടം നേടിയിരിക്കുന്നത്. ക്രിക്കറ്റ് ലെജന്‍ഡുകളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പമാണ് താരം ഈ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്.

ടി-20 ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങളുടെ പട്ടികയിലാണ് ത്രിപാഠി ഇടം നേടിയിരിക്കുന്നത്. 31കാരനായ ത്രിപാഠി ഈ പട്ടികയില്‍ മൂന്നാമനാണ്.

ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരം. തന്റെ 38ാം വയസിലാണ് ദ്രാവിഡ് ഇന്ത്യക്കായി തന്റെ ആദ്യ ടി-20 കളിച്ചത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയിലെ രണ്ടാമന്‍. 33 വയസ് പിന്നിട്ട ശേഷമായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യക്കായി ടി-20യില്‍ പാഡണിഞ്ഞത്.

ടി-20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ പ്രായം കൂടിയ താരങ്ങള്‍ (താരം, പ്രായം, ആദ്യ അന്താരാഷ്ട്ര ടി-20 മത്സരം കളിച്ച വര്‍ഷം, എതിരാളികള്‍ എന്ന ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – 38 വയസും 232 ദിവസവവും – 2011 – ഇംഗ്ലണ്ട്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 33 വയസും 221 ദിവസവും – 2006 – സൗത്ത് ആഫ്രിക്ക

രാഹുല്‍ ത്രിപാഠി – 31 വയസും 309 ദിവസവും – 2022 – ശ്രീലങ്ക

എസ്. അരവിന്ദ് – 31 വയസും 117 ദിവസവും – 2015 – സൗത്ത് ആഫ്രിക്ക

സ്റ്റുവര്‍ട്ട് ബിന്നി – 31 വയസും 44 ദിവസവും – 2015 – സിംബാബ്‌വേ

Content Highlight: Rahul Thripathi joins Sachin Tendulkar and Rahul Dravid in an elite list

We use cookies to give you the best possible experience. Learn more