കഴിഞ്ഞ ദിവസമായിരുന്നു അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ച ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള 17 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
ആദ്യമായാണ് ഹര്‍ദിക്കിന് ഇന്ത്യയെ നയിക്കാനുള്ള അവസരം കൈവരുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.
ഐ.പി.എല്ലില്‍ തിളങ്ങിയ പല താരങ്ങള്‍ക്കും അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള വിളിയെത്തിയിരുന്നു. ഇന്ത്യന്‍ ജേഴ്‌സിയില്‍ ആദ്യമായിറങ്ങുന്ന രാഹുല്‍ ത്രിപാഠിക്കും സഞ്ജു സാംസണും ഐ.പി.എല്ലിലെ പ്രകടനം തന്നെയായിരുന്നു ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനത്തിന്റെ ആധാരശില.
എന്നാലിപ്പോള്‍, ഐ.പി.എല്ലില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിട്ടും ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ നിരാശ പരസ്യമായി പ്രകടമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ താരം രാഹുല്‍ തെവാട്ടിയ.
ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീടനേട്ടത്തില്‍ മികച്ച പങ്കുവഹിച്ച, തോറ്റെന്നുറപ്പിച്ച മത്സരങ്ങളെ തന്റെ പ്രകടനത്താല്‍ കരകയറ്റിയ തെവാട്ടിയ എന്തായാലും ടീമില്‍ ഉള്‍പ്പെടുമെന്നായിരുന്നു ആരാധകര്‍ വിശ്വസിച്ചിരുന്നത്.
മറ്റാരെക്കാളും രാഹുല്‍ തെവാട്ടിയയും താന്‍ ടീമില്‍ ഉള്‍പ്പെടുമെന്നുതന്നെയായിരുന്നു ഉറച്ചുവിശ്വസിച്ചത്. എന്നാല്‍ തന്റെ പ്രകടനം സെലക്ടര്‍മാരുടെ കണ്ണുതുറപ്പിക്കാന്‍ പോന്നതല്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് താരം നിരാശനായത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സിംപിള്‍ ട്വീറ്റിലൂടെയാണ് താന്‍ എത്രത്തോളം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനാഗ്രഹിച്ചിരുന്നു എന്ന കാര്യം താരം വ്യക്തമാക്കുന്നത്.
‘പ്രതീക്ഷകള്‍ വേദനിപ്പിക്കുന്നു’ (Expectaions Hurts) എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.
യുവതാരങ്ങളാല്‍ സമ്പന്നമാണ് അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം. ഐ.പി.എല്ലിനിടെ പരിക്കേറ്റ് പുറത്തായ സൂര്യകുമാര്‍ യാദവും ഗംഭീറിന്റെ ഫേവറിറ്റ് ദീപക് ഹൂഡയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡിന് പകരം വി.വി.എസ്. ലക്ഷ്മണാണ് ഇന്ത്യന്‍ കോച്ചിന്റെ റോളില്‍ ഉണ്ടാകുക.
അയര്‍ലാന്‍ഡിനെതിരേയുള്ള ഇന്ത്യന്‍ ടീം: ഹര്‍ദിക്ക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്ക്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.
Content highlight: Rahul Tewatia’s tweet after being ignored from India T20I squad for Ireland