| Tuesday, 22nd September 2020, 12:54 pm

2014 ഉം 2015 ലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല; മോദിയോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകളും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

‘2014 ല്‍ മോദിജിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം സ്വാമിനാഥന്‍ കമ്മീഷന്റെ എം.എസ്.പി (താങ്ങുവില) കര്‍ഷകര്‍ക്ക് നല്‍കുമെന്നായിരുന്നു

2015 ല്‍ ഇത് നടക്കില്ലെന്ന് മോദി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2020ല്‍ അവര്‍ കര്‍ഷക നിയമം കൊണ്ടുവന്നിരിക്കുന്നു. മോദി ജിയുടെ ഉദ്ദേശ്യം ‘വ്യക്തമാണ്’, പുതിയ കാര്‍ഷിക വിരുദ്ധ ശ്രമം, മുതലാളിത്ത സുഹൃത്തുക്കളുടെ വികസനത്തിനായി കര്‍ഷകരോട് ദ്രോഹം ചെയ്യുകയാണ്, എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണത്.

എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു.

ഇതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്.

ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

അതേസമയം പുതിയ ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബിലും ഹരിയാനയിലും ഒരു മാസം മുന്‍പ് തന്നെ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുക്കൊണ്ടായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഹര്‍സിമ്രത് കൗറിന്റെ രാജി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul targets Modi govt reminding BJP poll promise on MSP

We use cookies to give you the best possible experience. Learn more