| Wednesday, 28th February 2018, 11:31 am

അമിത് ഷായോട് ഹാജരാകാന്‍ പറഞ്ഞ ജഡ്ജിയെ പുറത്താക്കി, സത്യം ചോദിച്ച ജസ്റ്റിസ് ലോയ മരിച്ചു, ഇപ്പോള്‍ സി.ബി.ഐയെ വിമര്‍ശിച്ച ജഡ്ജിയെയും മാറ്റി; സൊഹ്‌റാബുദ്ദീന്‍ കേസില്‍ ജഡ്ജിമാരെ വേട്ടയാടുന്നതിനെതിരെ രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൊഹ്‌റാബുദ്ദീന്‍ കേസില്‍ സി.ബി.ഐയെ വിമര്‍ശിച്ച ജഡ്ജിയെ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റിയ നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സൊഹ്‌റാബുദ്ദീന്‍ കേസില്‍ മറ്റൊരു ജഡ്ജി കൂടെ വേട്ടയാടപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

“കടുത്ത ചോദ്യങ്ങള്‍ ചോദിച്ച ജസ്റ്റിസ് ലോയ മരണപ്പെട്ടു. അമിത് ഷായോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട ജഡ്ജി ജെ.ടി ഉത്പതിനെ പുറത്താക്കി. സി.ബി.ഐയെ വിമര്‍ശിച്ചതിന് ജസ്റ്റിസ് രേവതി ദെരെയും ഇപ്പോള്‍ മാറ്റി” രാഹുല്‍ ഗാന്ധി പറഞ്ഞു.

സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്നും രാജസ്ഥാന്‍ പൊലീസ് ഓഫീസര്‍ ദിനേഷ് എം.എല്‍, മുന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡി.ജി വന്‍സാര, മുന്‍ എസ്.പി രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് ഷൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുപാബുദ്ദീന്‍ നല്‍കിയ മൂന്നു ഹര്‍ജികളുള്‍പ്പെടെയാണ് അഞ്ച് ഹരജികളാണ് ദെരെയുടെ പരിഗണനയിലുണ്ടായിരുന്നത്.

ഇതില്‍ നാല് ഹരജികളിലും ദെരേ വാദം കേട്ടിരുന്നു. കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറിയതോടെ സാക്ഷികള്‍ക്കു നിര്‍ഭയം മൊഴി നല്‍കാനാകുമെന്ന് ഉറപ്പുവരുത്താന്‍ സി.ബി.ഐ എന്തു ചെയ്തുവെന്നും സി.ബി.ഐ ഈ കടമ നിര്‍വഹിക്കാത്തതാണ് കൂറുമാറ്റങ്ങള്‍ക്ക് പിന്നിലെന്നും ദെര വിമര്‍ശനമുന്നയിച്ചിരുന്നു.

വിമര്‍ശനമുന്നയിച്ചതോടെ കേസ് ജസ്റ്റിസ് എന്‍.ഡബ്ല്യു സാംബ്രെയുടെ കീഴിലുള്ള ബെഞ്ചിന് കൈമാറുകയാണ് ചെയ്തത്.

We use cookies to give you the best possible experience. Learn more