| Wednesday, 10th April 2019, 10:24 pm

'മോദിക്കു ജയിലില്‍ പോകുമോ എന്നു ഭയം'; മമത എന്‍.ഡി.എയ്‌ക്കൊപ്പം നിന്ന പാര്‍ട്ടിയെന്ന് ഓര്‍മിപ്പിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ഗഞ്ച്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിക്കുമെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കേസില്‍ അന്വേഷണം വന്നാല്‍ താന്‍ ജയിലില്‍ പോകേണ്ടിവരുമോയെന്ന ഭയമാണു മോദിക്കെന്നു രാഹുല്‍ പറഞ്ഞു. ബംഗാളിലെ തന്റെ രണ്ടാമത്തെ റാലി നടക്കുന്ന റായ്ഗഞ്ചില്‍ വെച്ചായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

‘മോദിയുടെ മുഖഭാവങ്ങള്‍ മാറിയിരിക്കുന്നു. അദ്ദേഹത്തിനു ഭയമുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ അഴിമതിയില്‍ അന്വേഷണം നടത്തും. മോദിയടക്കം കുറ്റവാളികളായവരെയെല്ലാം അഴിക്കുള്ളിലാക്കും’- രാഹുല്‍ പറഞ്ഞു.

മോദി രണ്ട് ഇന്ത്യയുണ്ടാക്കാനാണു ശ്രമിക്കുന്നത്. ഒന്ന്, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ നീരവ് മോദി, മെഹുല്‍ ചോക്‌സി, അനില്‍ അംബാനി, വിജയ് മല്യ എന്നിവര്‍ക്കുവേണ്ടി. രണ്ടാമത്തേതു രാജ്യത്തെ ദരിദ്രകര്‍ഷകര്‍ക്കുവേണ്ടി.

മോദി ധനികരായ 15 പേരുടെ മൂന്നരലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. അതായത്, മോദിയുടെ വ്യവസായികളായ സുഹൃത്തുക്കളുടെ. എന്നാല്‍ ദരിദ്രകര്‍ഷകരുടെ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളിയില്ല.

കള്ളന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലാണു മോദി പണം നിക്ഷേപിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും അക്കൗണ്ടുകളില്‍ 72,000 രൂപ വീതം നിക്ഷേപിക്കുമെന്നും ന്യായ് പദ്ധതി ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. മോദിയെയും മമതയെയും പോലെയല്ല കോണ്‍ഗ്രസെന്നും വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2018 ഡിസംബറില്‍ അധികാരത്തിലെത്തിയശേഷം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

തൃണമൂല്‍ കോണ്‍ഗ്രസിനെപ്പോലെയല്ല, രാജ്യത്തുടനീളം ബി.ജെ.പിക്കെതിരേ പോരാടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. പണ്ട് എന്‍.ഡി.എയുടെ ഭാഗമായിരുന്നു തൃണമൂലെന്നും എന്നാല്‍ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കല്‍പ്പോലും കോണ്‍ഗ്രസ് എന്‍.ഡി.എയുടെ ഭാഗമായി നിന്നിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന് ബി.ജെ.പിയെ എതിര്‍ക്കാന്‍ കഴിവില്ലാത്തതാണ് ബി.ജെ.പിയെ വളര്‍ത്തിയതെന്നു നേരത്തേ മമത ആരോപിച്ചതിനു മറുപടിയായാണു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

We use cookies to give you the best possible experience. Learn more