| Wednesday, 14th February 2024, 3:16 pm

കര്‍ഷകരെ അടിച്ചൊതുക്കുന്ന മോദിയുടെ രീതി രാജ്യത്തിന് അപമാനം; പരിക്കേറ്റ കര്‍ഷകനുമായി സംസാരിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ തലസ്ഥാനത്തേക്കുള്ള കര്‍ഷക മാര്‍ച്ചിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ കര്‍ഷകനുമായി ഫോണില്‍ സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ വെച്ചുണ്ടായ അക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു.

മോദി സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ‘കര്‍ഷക പ്രക്ഷോഭത്തിനിടെ പൊലീസിന്റെ അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ സൈനികനും കര്‍ഷകനുമായ ഗുര്‍മീത് സിങുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. അദ്ദേഹം ഒരു യുവാവും കര്‍ഷകനുമാണ്. അവരെ അഭിവാദ്യം ചെയ്യുന്നതിന് പകരം ഭക്ഷണം നല്‍കി രാജ്യത്തെ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വേച്ഛാധിപത്യ മനോഭാവം കാണിക്കുന്നത് രാജ്യത്തിന് അപമാനമാണ്’, രാഹുല്‍ പറഞ്ഞു.

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ താങ്ങുവിലക്ക് നിയമപരമായ ഉറപ്പുനല്‍കുമെന്ന് ചൊവ്വാഴ്ച എക്സിലൂടെ രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംഘര്‍ഷത്തില്‍ പരിക്കേറ്റ കര്‍ഷകനുമായി രാഹുല്‍ സംസാരിച്ചത്. മിനിമം താങ്ങുവില ഉറപ്പാക്കുക വഴി 15 കോടി കര്‍ഷക കുടുംബങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കുമെന്നും അതിലൂടെ അവരുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഭക്ഷ്യോല്‍പ്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും പ്രതികരിച്ചു. ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പകരം അവരുമായി ശരിയായ ചര്‍ച്ച നടത്തി സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കേന്ദ്രത്തിന് നല്ലതെന്ന് മായാവതി പറഞ്ഞു.

ഇതിനിടെ ദേശീയ തലസ്ഥാനത്തേക്കുള്ള പ്രതിഷേധ മാര്‍ച്ച് പുനരാരംഭിക്കുന്നതിനായി ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ സംഘടിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് ഇന്ന് വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതേ അതിര്‍ത്തിയില്‍ വെച്ച് ചൊവ്വാഴ്ചയും പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. ഇതിന് പിന്നാലെ പതിനായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ബുധനാഴ്ച വീണ്ടും മാര്‍ച്ച് നടത്തുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പന്ദേര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനായി 500-ഓളം വനിതാ കര്‍ഷകരാണ് ശംഭുവിലേക്കെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തെ എതിര്‍ക്കാനാണ് തങ്ങള്‍ ഇവിടെക്കെത്തിയതെന്ന് അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ അനീതിക്കെതിരെ പ്രതിഷേധിക്കുന്ന തങ്ങളുടെ സഹോദരങ്ങളെയും കുടുംബാംഗങ്ങളെയും പൂര്‍ണമായി പിന്തുണക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ബിഹാറില്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Rahul speaks with injured farmer, slams Modi govt

We use cookies to give you the best possible experience. Learn more